യാക്കോബായ – ഓര്‍ത്തഡോക്‌സ്‌ സഭാ സംഘര്‍ഷത്തെ തുടര്‍ന്നു വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളി പൂട്ടി
25 September, 2017, 8:54 pm by News Desk 1

കോലഞ്ചേരി: യാക്കോബായ – ഓര്‍ത്തഡോക്‌സ്‌ സഭാ സംഘര്‍ഷത്തെ തുടര്‍ന്നു വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളി പൂട്ടി. ആര്‍ഡി.ഒയുടെ സാന്നിധ്യത്തില്‍ പള്ളിപൂട്ടി പോലീസ്‌ സീല്‍ ചെയ്‌തു. രണ്ട്‌ ദിവസമായി നിലനില്‍ക്കുന്ന തര്‍ക്കമാണ്‌ ഇന്നലെ സംഘര്‍ഷാവസ്‌ഥയിലെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ കുര്‍ബാനയര്‍പ്പിക്കാനെത്തിയ പരിശുദ്ധ കാതോലിക്ക ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവക്ക്‌ പള്ളിയില്‍നിന്നു വൈകിട്ട്‌ അഞ്ചരയോടെയാണു പുറത്തേക്കുപോകാന്‍ കഴിഞ്ഞത്‌. പോലീസ്‌ സംയമനം പാലിച്ചതുമൂലമാണു കൂടുതല്‍ സംഘര്‍ഷം ഒഴിവായത്‌. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന അനിശ്‌ചിതാവസ്‌ഥക്കൊടുവിലാണു പള്ളിപൂട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്‌. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ മുഖവാരത്ത്‌ ആലേഖനം ചെയ്‌തിട്ടുള്ള പാത്രിയാര്‍ക്കാ ചിഹ്നം നീക്കം ചെയ്യാന്‍ നടത്തിയ ശ്രമം വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം പള്ളി പെയിന്റിങ്ങിനിടയില്‍ പാത്രിയാര്‍ക്കാ ചിഹ്നം മറച്ചത്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചിരുന്നു. പോലീസ്‌ ഇടപെട്ട്‌ പൂര്‍വസ്‌ഥിതിയിലാക്കിയതോടെയാണു പ്രശ്‌നത്തിനു പരിഹാരമായത്‌. ഓര്‍ത്തഡോക്‌സ് വികാരിക്കെതിരേ യാക്കോബായ വിഭാഗത്തി ലെ സ്‌ത്രീകള്‍ ചൂലുമായി പ്രതിഷേധിക്കാനെത്തിയിരുന്നു. പോലീസ്‌ എത്തിയാണു വികാരിയെ പുറത്തെത്തിച്ചത്‌. ബൈക്കില്‍ വീട്ടിലേക്കു പോകുന്നതിനിടെ വെണ്ണിക്കുളത്തുവച്ച്‌ വികാരിക്കുനേരെ കൈയേറ്റം നടന്നതിനുപിന്നില്‍ യാക്കോബായ വിഭാഗമാണെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി. വൈദികനുനേരെയുണ്ടായ കൈയേറ്റത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശക്‌തമായ പ്രതിഷേധത്തിനിടെ ഇന്നലെ കാതോലിക്കാ ബാവയാണു പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചത്‌.

കുര്‍ബാനക്കുശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ മുഖവാരത്തെ പാത്രിയാര്‍ക്കാ ചിഹ്നം വീണ്ടും നീക്കിയെന്ന്‌ യാക്കോബായ വിഭാഗം ആരോപിച്ചു. യാക്കോബായ വിഭാഗത്തിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരും പള്ളിയുടെ ഗേറ്റിനു മുന്നിലെത്തി. പാത്രിയാര്‍ക്കാ ചിഹ്നം പൂര്‍വ സ്‌ഥിതിയിലാക്കാതെ പിരിഞ്ഞുപോവില്ലെന്ന്‌ യാക്കോബായ വിഭാഗം സ്‌ഥലത്തെത്തിയ പോലീസിനോട്‌ പറഞ്ഞു.

യാക്കോബായ വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ കാതോലിക്കാ ബാവക്കു മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. മൂവാറ്റുപുഴ ആര്‍.ഡി.ഒ: എ. ഷാജഹാന്‍, മൂവാറ്റുപുഴ ഡിവൈ.എസ്‌.പി കെ. ബിജുമോന്‍, പുത്തന്‍കുരിശ്‌ സി.ഐ. എ.എല്‍. യേശുദാസ്‌ എന്നിവര്‍ യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തി പാത്രിയാര്‍ക്കാ ചിഹ്നം പൂര്‍വ സ്‌ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കാമെന്ന്‌ ഉറപ്പ്‌ കൊടുത്തു. ഇതിനുശേഷം യാക്കോബായ മെത്രാപ്പോലീത്തമാര്‍ സമീപത്തെ ചാപ്പലിലേക്ക്‌ മടങ്ങി.
ഇതിനുശേഷം കാതോലിക്കാ ബാവക്ക്‌ മടങ്ങിപ്പോകാന്‍ പോലീസ്‌ സംരക്ഷണം നല്‍കാന്‍ തയാറായെങ്കിലും യാക്കോബായ വിശ്വാസികളെ റോഡരികില്‍നിന്നു പൂര്‍ണമായും മാറ്റിയാല്‍ മാത്രമേ പോകാന്‍ കഴിയുകയുള്ളുവെന്ന നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ സംഘര്‍ഷാവസ്‌ഥ നീണ്ടുപോയത്‌. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി കോമ്പൗണ്ടിലും, യാക്കോബായ വിഭാഗം റോഡിലും മുദ്രാവാക്യം വിളിച്ച്‌ നിലയുറപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവില്‍ വൈകിട്ട്‌ അഞ്ചരയോടെയാണു കനത്ത പോലീസ്‌ സംരക്ഷണത്തില്‍ ബാവയും ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുള്‍പ്പടെയുള്ളവര്‍ മടങ്ങിയത്‌. ഇതിനുശേഷം പള്ളി കോമ്പൗണ്ടില്‍നിന്നും യാക്കോബായ വിശ്വാസികള്‍ക്കു നേരെ കല്ലേറ്‌ ഉണ്ടായെന്ന പരാതിയുണ്ടായി. സംഘര്‍ഷാവസ്‌ഥ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ്‌ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പള്ളി പൂട്ടിയത്‌.

തര്‍ക്കത്തിനു കാരണം വിശ്വാസ ധ്വംസനം: യാക്കോബായ സഭ

കൊച്ചി: വരിക്കോലി സെന്റ്‌ മേരീസ്‌ പള്ളിയിലുണ്ടായ തര്‍ക്കങ്ങള്‍ക്കു കാരണം ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന ചിലരാണെന്നു യാക്കോബായ സുറിയാനി സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍.
തങ്ങളുടെ വിശ്വാസാചാരങ്ങള്‍ പാലിക്കാത്ത വൈദികരെ ഇടവകക്കാര്‍ സ്വീകരിക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഇനിയെങ്കിലും ഓര്‍ത്തഡോക്‌സ്‌ നേതൃത്വം തയാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved