എ.എം.എം.എയില്‍ വനിതാ പ്രസിഡന്റിന് സാധ്യതയേറുന്നു. താര സംഘടനയായ എ.എം.എം.എയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന ജഗദീഷിന്റെ പുതിയ നീക്കങ്ങളാണ് വനിതാ പ്രസിഡന്റിനുള്ള സാധ്യത വര്‍ധിക്കാന്‍ കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജഗദീഷ് അറിയിച്ചതായാണ് സൂചന. ഇവരുടെ രണ്ട് പേരുടെയും പിന്തുണ ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. നിലവില്‍ മോഹന്‍ലാല്‍ ജപ്പാനിലും മമ്മൂട്ടി ചെന്നൈയിലും ആണ് ഉള്ളത്. എ.എം.എം.എയെ വനിതാ പ്രസിഡന്റ് നയിക്കട്ടെ എന്ന നിലപാട് ജഗദീഷിനുണ്ട്. സുരേഷ് ഗോപിയുമായും ഇക്കാര്യം സംസാരിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലാണ് സുരേഷ് ഗോപിയുള്ളത്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

എ.എം.എം.എയുടെ തലപ്പത്തേക്ക് വനിതകള്‍ എത്തണമെന്ന അഭിപ്രായം താരസംഘടനയില്‍ ശക്തമായി ഉയരുന്നുണ്ട്. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ നേതൃത്വത്തിലേക്ക് വനിതകള്‍ എത്തണമെന്ന് അഭിപ്രായം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വനിതാ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് താരസംഘടന കേള്‍ക്കുന്ന അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഉചിതമായ മറുപടിയായിരിക്കും എന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. ഒരു ജനാധിപത്യ സംഘടനയല്ല എ.എം.എം.എയെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നുമുള്ള പേരുദോഷം മാറ്റാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജഗദീഷ് ഉള്‍പ്പെടെ ആറ് പേരാണ് എ.എം.എം.എയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് മറ്റുള്ളവര്‍. ജഗദീഷ് പിന്മാറുന്നത് ശ്വേതാ മേനോനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ രവീന്ദ്രനും പിന്മാറാന്‍ സാധ്യത ഉണ്ട്.