വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ കാമറയ്ക്കു മുമ്പില്‍ ഇതുവരെ അഭിനേതാവായി എത്തിയിട്ടില്ല. ഏഴു വര്‍ഷത്തെ ഇടവേള. സംസാര ശേഷി വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി. ആളുകളെ തിരിച്ചറിയാനും കൈ വീശി പ്രതികരിക്കാനും കഴിയുന്നുണ്ട്. ആരോഗ്യം പൂര്‍വസ്ഥിതിയില്‍ വീണ്ടെടുക്കാന്‍ ജഗതിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യിപ്പിക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. സിനിമയെ ജീവനുതുല്യം സ്നേഹിക്കുന്ന ജഗതിയെ അങ്ങനെ വീണ്ടും കാമറയ്ക്കു മുമ്പില്‍ എത്തിക്കാനായിരുന്നു കുടുംബാംഗങ്ങളുടെ ശ്രമം. മകന്‍ രാജ് കുമാര്‍ തുടങ്ങിയ പുതിയ സംരംഭത്തിന്‍റെ പേരില്‍ തന്നെയായി മടങ്ങിവരവ്. ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പരസ്യ ചിത്ര നിര്‍മാണ കമ്പനി മകന്‍ രാജ് കുമാര്‍ തുടങ്ങി. ആദ്യ പരസ്യം അതിരപ്പിള്ളി സില്‍വര്‍

സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റേതായിരുന്നു. ജഗതിയെ കാമറയില്‍ പകര്‍ത്തി നടന്‍ മനോജ് കെ ജയന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വെള്ളിത്തിരയില്‍ ചിരിയുടെ മാലപടക്കം തീര്‍ത്ത ജഗതിയെ തിരിച്ചു കിട്ടാന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കണം. പക്ഷേ, ജഗതിയെ സ്ക്രീനില്‍ വീണ്ടും കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ കോരിത്തരിപ്പിക്കുന്ന നിമിഷമായിരുന്നു അതിരപ്പിള്ളിയില്‍ അരങ്ങേറിയത്. സ്വിച്ച് ഓണ്‍ കര്‍മത്തിന് ആരെ ക്ഷണിക്കുമെന്ന് ചര്‍ച്ച ചെയ്തു. ഒരുപാട് പേരുമായി ജഗതി ശ്രീകുമാറിന് ആത്മബന്ധമുണ്ട്. പക്ഷേ, ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മനോജ് കെ ജയനാണ്. അങ്ങനെയാണ് മനോജ് കെ ജയനെ ചടങ്ങിന് ക്ഷണിച്ചതെന്ന് മകള്‍ പാര്‍വതി ഷോണ്‍ വ്യക്തമാക്കി. മനോജ് കെ ജയന്‍ കാമറ ചലിപ്പിച്ചപ്പോള്‍ കാമറയിലേക്ക് നോക്കി ജഗതി കൈ വീശി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ ഷോട്ടുകള്‍ അടുത്ത ദിവസം അതിരപ്പിള്ളിയില്‍ ചിത്രീകരിക്കും. കാലില്‍ തൊട്ടു വന്ദിച്ച ശേഷമാണ് മനോജ് കെ ജയന്‍ ഉദ്ഘാടന ചടങ്ങിലേക്ക് കടന്നത്. വിദേശ പര്യടനത്തിനിടെ മലയാളി അടുത്തോടി വന്ന് ജഗതി ഇനി മടങ്ങി വരുമോയെന്ന് ആകാംക്ഷയോടെ ചോദിച്ച കാര്യം മനോജ് കെ. ജയന്‍ ഓര്‍ത്തെടുത്തു. ആ ആരാധകന്‍റെ കണ്ണുകള്‍ ആ ചോദ്യത്തോടൊപ്പം നിറഞ്ഞിരുന്നു. ഇങ്ങനെ, നിരവധി ആരാധകര്‍ ജഗതിയുടെ മടങ്ങി വരവും പ്രതീക്ഷിച്ച് ഇരിക്കുന്നതായി മനോജ് കെ ജയന്‍ പറഞ്ഞു. പേരക്കുട്ടികള്‍ക്കൊപ്പമാണ് ജഗതി ചടങ്ങിന് എത്തിയത്.