ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയ താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേയ്ക്കുള്ള എല്ലാ കയറ്റുമതികളും താത്കാലികമായി നിർത്തുമെന്ന് ജാഗ്വാർ ലാൻഡ് റോവർ പ്രഖ്യാപിച്ചു. യുഎസിലേയ്ക്കുള്ള കാർ ഇറക്കുമതിയ്ക്ക് 25 ശതമാനം ലെവിയാണ് പ്രാബല്യത്തിൽ വന്നത്. യൂറോപ്യൻ യൂണിയനു ശേഷം യുകെയുടെ കാർ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്.
താത്കാലികമായാണെങ്കിലും കയറ്റുമതി നിർത്തി വെയ്ക്കുന്നത് കമ്പനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ജാഗ്വാർ ലാൻഡ് റോവർ. യുഎസ് ഏർപ്പെടുത്തിയ താരിഫ് നയത്തെ തുടർന്ന് ആഗോളതലത്തിൽ വൻ തിരിച്ചടി ടാറ്റാ മോട്ടേഴ്സ് നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഹരി വിപണിയിലും കമ്പനിയുടെ ഷെയറുകൾ കുത്തനെ ഇടിഞ്ഞിരുന്നു.
ഏപ്രിൽ ആദ്യം മുതൽ കാറുകൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് അടുത്തമാസം മുതൽ ഓട്ടോ പാർട്സുകളുടെ ഇറക്കുമതിയ്ക്കും ബാധകമാകും. യുഎസിന്റെ പുതിയ വ്യാപാര നയം ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ യുഎസുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് യുകെ ശ്രമിക്കുന്നത്. യുകെ കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് യുകെ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.
Leave a Reply