ന്യൂസ് ഡെസ്ക് മലയാളം യുകെ

പോലീസ് പിന്തുടർന്നതിനെ തുടർന്ന് അമിതവേഗത്തിൽ പാഞ്ഞ വാഹനം കൂട്ടിയിടിച്ച് M 25 -ൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂട്ടിയിടിയെ തുടർന്ന് M 25 -ൽ ജംഗ്ഷൻ 22നും 25നും ഇടയിൽ വ്യാപകമായ ഗതാഗതകുരുക്കും ഉണ്ടായി.

ഞായറാഴ്ച രാവിലെ 4 മണിക്കാണ് അപകടം നടന്നത്. ഒരു വാനും മൂന്ന് കാറുകളുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട വാനിനെയാണ് പോലീസ് പിന്തുടർന്നതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് ജംഗ്ഷൻ 22 നും 25 നും ഇടയിൽ മോട്ടോർ വേയിലെ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചിരുന്നു. മോട്ടോർ വേയുടെ നാല് പാതകളിലും കൂട്ടിയിടിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ചിതറി കിടക്കുന്നതായുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു.

വാനിനെ പോലീസ് പിന്തുടർന്നുവെങ്കിലും കൂട്ടിയിടിക്ക് മുമ്പ് പോലീസ് പിൻവാങ്ങിയെന്നും സംഭവത്തെക്കുറിച്ച് ഒരു പ്രസ്താവനയിൽ ഹെർട്ട്ഫോർഡ്ഷയർ പോലീസ് പറഞ്ഞു. പോലീസ് വാഹനങ്ങളൊന്നും കൂട്ടിയിടിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും എന്നാൽ അപകടമാകുന്നതിന് പോലീസ് പിന്തുടർന്നത് ഏതെങ്കിലും രീതിയിൽ കാരണമായോ എന്ന് തങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് വാച്ച് ഡോഗ് ഒരു പ്രസ്താവനയിൽ അറിയിച്ചു.