കണ്ണൂര്‍: ജയില്‍ ജീവനക്കാരെ മയക്കുമരുന്ന് നല്‍കി ജയില്‍ ചാടാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. കൊലക്കേസ് പ്രതിയുള്‍പ്പെടെയുള്ളവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. കണ്ണൂര്‍ ജില്ലാ ജയിലില്‍ 24-ാം തിയതി പുലര്‍ച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് മയക്കുഗുളിക ചേര്‍ത്ത ചായ നല്‍കി ഉറക്കിക്കിടത്തി രക്ഷപ്പെടാനാണ് ഇവര്‍ ശ്രമിച്ചത്. അരുണ്‍കുമാര്‍, മോഷണക്കേസ് പ്രതികളായ റഫീക്ക്, അഷ്‌റഫ് ഷംസീര്‍ എന്നിവരാണ് പിടിയിലായത്.
അവശനിലയിലായ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അടുക്കളയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടല്‍ ശ്രമം പുറത്തറിഞ്ഞത്. ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റിരിക്കാമെന്നായിരുന്നു സംശയം. എന്നാല്‍ ഭക്ഷ്യസുരക്ഷാ ഓഫീസറടക്കം എത്തി പരിശോധിച്ചിട്ടും ജയിലില്‍ ഭക്ഷ്യവിഷ ബാധക്കുള്ള സാധ്യത കണ്ടെത്തിയില്ല.
ഇതേത്തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഒരു തടവുകാരന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചായയില്‍ പോക്കറ്റില്‍ നിന്നും എന്തോ പൊടി ഇടുന്നത് ദൃശ്യങ്ങളില്‍ കണ്ടു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ജയില്‍ചാട്ടത്തിനുള്ള ശ്രമം പുറത്തറിഞ്ഞത്. മാനസികരോഗത്തിന് ചികിത്സയിലുള്ള തടവുകാരില്‍ നിന്നാണ് ഇവര്‍ മയക്കുഗുളികകള്‍ സംഘടിപ്പിച്ചത്.
ഉദ്യോഗസ്ഥരെ മയക്കിയ ശേഷം താക്കോല്‍ കൈക്കലാക്കി ജയില്‍ ഗേറ്റിന് സമീപത്തേക്ക് നീങ്ങിയ പ്രതികള്‍ ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ആ സമയം ഗേറ്റിന് സമീപത്തേക്ക് വന്നതോടെ പിന്‍വാങ്ങുകയായിരുന്നു. തങ്ങള്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്ന് പറഞ്ഞ് ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Leave a Reply