ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- അവധി ആഘോഷിക്കുന്നതിനിടയിൽ യുഎസ് -കാനഡ അതിർത്തി ലംഘിച്ചതിന് അറസ്റ്റിലായ ബ്രിട്ടീഷ് കുടുംബത്തെ ബുധനാഴ്ചയോടുകൂടി വിട്ടയയ്ക്കും. മുപ്പതുകാരനായ ഡേവിഡ് കോണെഴ്സ്, ഭാര്യ ഇരുപത്തിനാലുകാരി എലീൻ എന്നിവരാണ് ഒക്ടോബർ 3 ന് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരോടൊപ്പം ഇവരുടെ ഇളയ കുഞ്ഞും പെൻസിൽവേനിയ ജയിലിൽ തടവിലായിരുന്നു. അറസ്റ്റിലായ ശേഷം വാഷിങ്ടണിൽ നിന്നും മാറ്റിയ ഇവരെ, പെൻസിൽവാനിയയിലെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ഇത്തരമൊരു അനുഭവം തങ്ങളെ മാനസികമായി തളർത്തിയതായി കുടുംബം ബിബിസി ന്യൂസ് വാഷിംഗ്‌ടൺ കറസ്പോണ്ടന്റ് ക്രിസ് ബക്ക്ലറിന് അയച്ച ഇ-മെയിലിൽ രേഖപ്പെടുത്തി. പ്രത്യേകിച്ച് തങ്ങളുടെ കുഞ്ഞിന് ഈ അനുഭവം ഒരു പേടിസ്വപ്നമായിരുന്നു. മുൻപ് പലതവണ തങ്ങൾ യുഎസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും , ഇത്തരമൊരു അനുഭവം ആദ്യമാണ്. വിട്ടയക്കപ്പെട്ടതിനുശേഷം യുഎസിലേക്ക് തിരിച്ചുവരുവാൻ പ്രത്യേക പദ്ധതികൾ ഒന്നുമില്ലെന്നും, എന്നാൽ മകനോടൊപ്പം ഫ്ലോറിഡയിലെ ഡിസ്നി വേൾഡ് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവധി ആഘോഷിക്കുകയായിരുന്ന കുടുംബം വ്യാൻകവൗർ നഗരത്തിന് തെക്കു ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വഴിയിൽ കണ്ട ഒരു മൃഗത്തെ ഒഴിവാക്കുന്നതിനായി മറ്റൊരു വഴി സ്വീകരിച്ച പ്പോഴാണ് അതിർത്തി ലംഘിച്ചത്. എന്നാൽ ഈ വസ്തുത കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തങ്ങളെ തടഞ്ഞുനിർത്തിയ പോലീസ് ഉദ്യോഗസ്ഥൻ കാനഡയിലേക്ക് തിരിച്ചുപോകുവാൻ പോലും അനുവദിച്ചില്ല എന്ന് അവർ പറഞ്ഞു. അറസ്റ്റിലായ ശേഷം ഡേവിഡിനെ പുരുഷന്മാരുടെ സെല്ലിലും, ഭാര്യയെയും മകനെയും വനിത സെല്ലിലുമാണ് പാർപ്പിച്ചിരുന്നത്. സെല്ലുകളിൽ വളരെ മോശമായ അന്തരീക്ഷമായിരുന്നുവെന്നും, തണുപ്പ് ഒഴിവാക്കുന്നതിനായി ഹീറ്റർ പോലും നൽകിയില്ല എന്നും അവർ പറഞ്ഞു . കുഞ്ഞിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായതായും അവർ അറിയിച്ചു. ക്രിമിനലുകളെ പോലെയാണ് തങ്ങളെ പരിഗണിച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ബെർക്സ് ഫാമിലി ഡിറ്റൻഷൻ സെന്റർ അധികൃതർ നിക്ഷേധിച്ചു .