“സര്‍, ഡോക്ടര്‍ എന്ന നിലയില്‍ എന്റെ 20 വര്‍ഷത്തെ അനുഭവസമ്പത്തും ഗോരഖ്പൂര്‍ ആശുപത്രി ദുരന്തത്തെ തുടര്‍ന്ന് ജയിലിലായി പുറത്തുവന്ന ശേഷം നടത്തിയ 103 സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ഇന്ത്യയൊട്ടാകെ 50,000-ത്തിലധികം രോഗികളായ കുട്ടികളെ പരിശോധിക്കുകയും ചെയ്തതിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്, എനിക്ക് ഈ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായിക്കാന്‍ സാധിക്കും”, ദേശീയ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍ പ്രദേശിലെ മഥുര ജയിലില്‍ കഴിയുന്ന ഡോക്ടര്‍ കഫീല്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലെ വരികളാണ് ഇത്.
“ഈ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ എന്റെ പ്രിയപ്പെട്ട രാജ്യം വിജയിക്കുന്നതു വരെയെങ്കിലും എന്റെ അന്യായമായതും ദുരുദ്ദേശത്തോടു കൂടിയുള്ളതും ഒരുവിധത്തിലും നീതീകരിക്കാന്‍ പറ്റാത്തതുമായ തടങ്കല്‍ അവസാനിപ്പിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യാന്‍ ഞാന്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുകയാണ്” എന്നു പറഞ്ഞാണ് കഫീല്‍ ഖാന്‍ കത്ത് അവസാനിപ്പിക്കുന്നത്.
കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കടക്കുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടാനുള്ള ചില വഴികളും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നുണ്ട്. നമ്മുടെ പ്രാഥമികാരോഗ്യ രംഗം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുടെ കുറവും ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടേയും കുറവും വലിയ ജനസംഖ്യയും പട്ടിണിയും ഉയര്‍ന്നിരിക്കുന്ന ഭീഷണിയെക്കുറിച്ചുള്ള ബോധ്യമില്ലായ്മയും വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഡോ. കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു.
കൊറോണ പരിശോധനയ്ക്ക് കുറഞ്ഞത് ജില്ലയില്‍ ഒരു സംവിധാനമെങ്കിലും ഉണ്ടാക്കുക, ഓരോ ജില്ലയിലും 100 പുതിയ ഐസിയു എങ്കിലും തുറക്കുക, ഓരോ ജില്ലയിലും 1000 ഐസൊലേഷന്‍ വാര്‍ഡുകളെങ്കിലും തുറക്കുക, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ആയുഷ് ഉള്‍പ്പെടെയുള്ളിടങ്ങളിലെ ഉള്‍പ്പെടെ മറ്റ് പ്രവര്‍ത്തകര്‍, സ്വകാര്യ മേഖലയിലുള്ളവര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കുക, അഭ്യൂഹങ്ങളും കിംവദന്തികളും അശാസ്ത്രീയമായ കാര്യങ്ങളും പ്രചരിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, നമുക്കുള്ള മുഴുവന്‍ ശക്തിയും സമാഹരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അദ്ദേഹം പ്രധാനമന്ത്രിക്കുള്ള കത്തില്‍ മുന്നോട്ടു വച്ചിട്ടുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഡോ. കഫീല്‍ ഖാനെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 12-ന് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ മാസം മുംബൈയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഫെബ്രുവരി 13-ന് ദേശീയ സുരക്ഷാ നിയമം ചുമത്തുകയും ചെയ്തു. ഒരാളുടെ തടങ്കല്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ നിയമം.
ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെയാണ് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതും. എന്നാല്‍ വകുപ്പുതല അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും മറിച്ച്, കഴിയുന്നിടത്തു നിന്നെല്ലാം ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമാഹരിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും വ്യക്തമാക്കിയെങ്കിലും യുപി സര്‍ക്കാര്‍ ശിക്ഷാ നടപടികള്‍ പിന്‍വലിക്കാന്‍ തയാറായില്ല. അതിനു പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ദേശീയ സുരക്ഷാ നിയമം ചുമത്തിയതും.
ഈ മാസം 19-ന് അയച്ച കത്തിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഡോ. കഫീല്‍ ഖാന്റെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്യുന്നവര്‍ പുറത്തുവിട്ടത്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ദൌര്‍ലഭ്യം നേരിടുന്ന ഈ സമയത്തെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലും ആവശ്യം ശക്തമാണ്.
Dr Kafeel Khan has written a letter to the Prime Minister fm Jail on 19-3-2020 in which he has requested that In order to save Indians fm this deadly disease he has Provided a road Map to how to gear up against Carona Stage-3@narendramodi @PMOIndia @UN pic.twitter.com/qmpgCsAiha
— Dr Kafeel Khan (@drkafeelkhan) March 25, 2020
Leave a Reply