ജേക്കബ് പ്ലാക്കൻ

പരേതാത്മാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസം (ഹാലവീൻ ) വന്നെത്തുന്ന ഒക്ടോബർ മാസത്തിൽ തന്നെയാണ് ശിശിരാരംഭവും . മരങ്ങൾ ഇലകൾകൊണ്ടൊരു വർണ്ണവിസ്‌മയം തീർക്കുന്ന പ്രകൃതിയുടെ നയനാന്ദകരമായ മറ്റൊരു മഹാപ്രതിഭാസം ..ചന്ദനചോപ്പണിഞ്ഞ ഇലച്ചാർത്തുകൾ ഒരു കുഞ്ഞു കാറ്റിനുപോലും കാത്തുനിൽക്കാതെ പിന്നെ ഭൂമിദേവിയുടെ മാറിടത്തിലേക്ക് പൂമഴപോലെ പൊഴിയുകയായി ..!

ദിവസങ്ങൾക്കുള്ളിൽ വന്മരം തൊട്ട് കുഞ്ഞിച്ചെടികൾ വരെ നിർവികാര താപസന്മാരായി മാറുകയായി .. വസന്തത്തിന്റെ വിരുന്നു വിളി കേൾക്കും വരെ ..സമയം പിന്നോട്ട് സഞ്ചരിക്കുമെങ്കിൽ അത് ലോകത്ത് നേർക്കാഴ്ച്ചയാകുന്ന മാസവും ഇതുതന്നെ ..! യൂറോപ്പിൽ ഘടികാരസൂചി ഒരു മണിക്കൂർ പിന്നിലേക്ക് കറങ്ങുന്ന ഒക്ടോബറിലെ അവസാനത്തെ ശനിയാഴ്ച് തന്നെയാണ് യുണൈറ്റഡ് കിങ്ഡംത്തിലെ ഗ്ലാസ്‌ഗോ സിറ്റിയിൽ മലയാളികളുടെ അഭിമാനം നക്ഷത്രമണ്ഡലത്തോളും ഉയർത്തിയ മലയാളം യുകെ അവാർഡ് നൈറ്റിന്റെ തിരശീല ഉയർന്നതും .!

യൂറോപ്പിന്റെ വിവിധ പ്രവിശ്യകളിൽ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളികളുടെ പങ്കാളിത്തത്താലും യുണൈറ്റഡ് കിങ്ഡത്തിലെയുംപ്രത്യേകിച്ചും സ്കോട്ട് ലൻഡിലെ വിവിധ മലയാളി അസോസിയേഷൻകളുടെയും അളവറ്റ സഹകരണത്താലും ഓഡിറ്റോറിയം ജനസമുദ്രമായി ഇരമ്പുകയായിരുന്നു ..

പ്രൗഢഗംഭീരമായ സദസ്സിനെയും വിശിഷ്ടാതിഥികളെയും സാക്ഷിയാക്കി ചീഫ് എഡിറ്റർ ബിൻസു ജോണിൻെറ നേതൃത്വത്തിൽ വിശിഷ്ടതിഥികളെല്ലാവരും ചേർന്ന് ഏഴ് തിരിയിട്ട നിലവിളക്കിലേക്ക് ഭദ്രദീപം പകർന്നപ്പോൾ യുകെമലയാളികളുടെ സർഗ്ഗവാസന പ്രതിഭ വിലാസത്തിന്റെ മറ്റൊരു ഏട് വിരിയുകയായിരുന്നു ..!

മഞ്ഞും മഴയും മാറിനിന്ന് ഒക്ടോബറിന്റെ അവസാനത്തെ ശനിയാഴ്ചയിലൂടെ ശിശിരം മറന്ന് പ്രകൃതിപോലും ഈ മഹാമേളയെ അനുഗ്രഹിച്ചപ്പോൾ വാക്കുകൾ മൂല്യത്തിൽ വിനിയോഗിച്ചു സംസാരിച്ച സ്വാഗതപ്രസംഗകൻ റോയ് ഫ്രാൻസിസും മൂഖ്യപ്രഭാഷകനും മലയാളം യുകെയുടെ ചീഫ് എഡിറ്ററുമായ ബിൻസു ജോണും നന്ദിയുടെ നറുമൊഴിനൽകിയ മലയാളം യുകെയുടെ ഡയറക്ടറും അസ്സോസിയേറ്റ് എഡിറ്ററുംമായ ജോജിതോമസും സദസ്സിനെ കലാപരിപാടികളുടെ നക്ഷത്ര മണ്ഡപത്തിലേക്ക് ആനയിച്ചു ..

ശ്രുതി ഗ്രൂപ്പ് അവതരിപ്പിച്ച വേദിയുണർത്തലിന്റെ സ്വാഗതനൃത്തം അക്ഷരാർത്ഥത്തിൽ ദേവാങ്കണനൃത്തത്തിന് തുല്യമെന്ന് തോന്നിപ്പോയ നിമിഷങ്ങൾ ..!അത്ര ഭംഗിയോടെ ,ലാസ്യത്തിന്റെ സൂക്ഷ്മദർശനങ്ങളിൽ അഭിരമിക്കുന്ന അവർ നടനമാടിയപ്പോൾ സദസ്സ് എല്ലാം മറന്ന് നിതാന്ത നിശ്ശബദ്ധതയിൽ ലയിച്ചിരുന്നുപോയി .!

പരിപാടികൾ ഒരു മാല പോലെ നിമിഷങ്ങളുടെപോലും കാലാവിളംബം കൂടാതെ ചടുലവും ഉഷ്മളവുമായ വാഗ് വിലാസത്തോടെ അവതാരിപ്പിച്ച ഡോക്ടർ അഞ്ചു ഡാനിയേൽ അവതാരികയായി തിളങ്ങുകയായിരുന്നു ..

മുത്തുമാല പോലെ ഒന്നിനൊന്ന് മെച്ചപ്പെട്ട കലാവിരുന്നുകൾ കൊണ്ട് കോർത്തിണക്കിയ സന്ധ്യയിൽ
വിവിധ രംഗങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ യു കെയിലെ
സാമൂഹ്യക സാംസ്ക്കാരിക രാഷ്ട്രീയരംഗങ്ങളിൽ വ്യക്‌തി മുദ്രപതിപ്പിച്ചവർ സമ്മാനിക്കുകയായി ..
കോൺസുലേറ്റ് ജനറൽ ബിജോയ് സെൽവരാജ് മൂഖ്യ അതിഥിയായിരുന്നു .അദ്ദേഹത്തിന്റെമലയാള ഭാഷയോടുള്ള ജ്ഞാനവും സ്നേഹവും സരസവും വിശാലവുമായ പ്രഭാഷണത്തിൽ തിളങ്ങിനിന്നിരുന്നു ..!

യൂറോപ്പിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെ സത്യസന്ധമായ പത്രപ്രവർത്തന ശൈലിയോടപ്പം സാഹിത്യത്തിനും സംസ്കാരത്തിനും കലാകായികരംഗങ്ങൾക്കും അതിലുപരി സാമൂഹിക പ്രവർത്തനങ്ങൾക്കും നൽകുന്ന പ്രാധാന്യം എത്ര വലുതാണെന്ന് വിളിച്ചോതുന്നതായിരുന്നു
ഗ്ലാസ്ഗോ സാക്ഷ്യം വഹിച്ച ഈ അവാർഡ് നൈറ്റ് …

 

സംഘാടനാത്തിന്റെ മികവ് എടുത്തു പറയേണ്ടത് തന്നെയാണ് ..മലയാളംയുകെയുടെ ഡയറക്‌ടറും അസ്സോസിയേറ്റ് എഡിറ്ററും കൂടിയായ ഷിബു മാത്യുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വിവിധകമ്മറ്റികൾ ഒരുമയോടെ പ്രവർത്തിച്ചപ്പോൾ അവാർഡ് നൈറ്റ് യുകെ കണ്ടിട്ടുള്ള എക്കാലത്തെയും ഔന്ന്യത്യത്തിന്റെ ഉയരത്തിലുള്ള മലയാള കലാ സന്ധ്യകളുടെ പട്ടികയിൽ തന്നെ സ്ഥാനമുറപ്പിച്ചു ..

സ്കോട്ട് ലൻഡിലെ മലയാള അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ യുസ്മയുടെ നിർലോഭസഹകരണത്തിൽ വേദിയൊരുങ്ങിയ സന്ധ്യയിൽ അനുഗ്രഹീത കലാകാരന്മാർ തീർത്ത ചെണ്ടമേളവും പ്രവാസ മലയാളി മങ്കമാരുടെ തിരുവാതിരയും ഗതകാലസുഖസ്‌മരണകൾ ഉണർത്തുന്നവതന്നെയായിരുന്നു ..

ഫ്യൂഷൻ ഡാൻസും സംഗീതസാന്ദ്രസന്ധ്യയും തീക്ഷ്ണ യൗവ്വനത്തിന്റെ ഹരംകൊള്ളിക്കുന്ന ബോളിവുഡ് ഡാൻസും അങ്ങനെയാകെ കലാവിരുന്നാൽ സദസ്സിനെ അവിസ്മരണീയ നിമിഷങ്ങളിലേക്ക് കൊണ്ടുപോയി ..!

ഹ്രുദ്യമായ ശബ്ദതാളമേളങ്ങളുടെയും വർണ്ണാഭമായ പ്രകാശ സംവിധാനങ്ങളും സഭാതലത്തിലെ ഹൃദയ സരസ്സിനെ മായപ്രപഞ്ചത്തിലെത്തിക്കുന്നവ തന്നെയായിരുന്നു ..! സമയം പിന്നോട്ട് ഒന്ന് മാറിയെങ്കിലും പിന്നെയും മുന്നോട്ട് തന്നെ കുതിച്ചുകൊണ്ടിരുന്നു ..കാലം മറക്കാത്ത ചിത്രം മനസ്സുകളിൽ വരച്ചു ചേർത്തിട്ട് ..

ഇനിയും വളച്ചൊടിക്കാത്ത വാർത്തകളുടെ ലോകത്തിനപ്പുറം അനശ്വരതയുടെ അടയാളങ്ങൾ തീർക്കുന്ന കലാ കായിക സാഹിത്യമേഘലകൾ പ്രവാസ ലോകത്തിന് തുറന്നുകൊടുക്കുവാൻ ശക്തിയും കരുത്തും മലയാളം യുകെ പത്രത്തിന് ലഭിക്കട്ടെ ..ലാഭേച്ഛയില്ലാതെ , പവിത്ര പത്രധർമ്മത്തിന്റ പാത മാത്രം പ്രവർത്തന ശൈലിയായി സ്വീകരിച്ചിട്ടുള്ള ഈ പത്രം മലയാള പ്രവാസലോകത്തിന് വഴികാട്ടിയും ദിശബോധവും നൽകുന്ന ദീപസ്തംഭംമായി തുടരുകതന്നെ ചെയ്യും …

 

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്

Phone # 00447757683814

 

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്  അവാർഡ് നൈറ്റിന്റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാം.

https://photos.app.goo.gl/8YAm6iXWF7s5hQaf6

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉസ്മാ ദേശീയ കലാമേളയുടെ ഫോട്ടോകൾ   ഡൗൺലോഡ് ചെയ്യാം.

https://photos.app.goo.gl/t5hQLfmnpeXmacsP6