കാര്‍ബണ്‍ ക്രെഡിറ്റ്, ഹെല്‍ത്ത് കെയര്‍ നിക്ഷേപങ്ങളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിന് തടവ്ശിക്ഷ. ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സംഘം മുന്നൂറോളം പേരില്‍ നിന്നായി 1.4 ദശലക്ഷം പൗണ്ടാണ് തട്ടിയത്. നാല് പേര്‍ക്കാണ് കെന്റിലെ മെയിഡ്‌സ്റ്റോണ്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ വംശജനായ സമ്രാട്ട് ഭണ്ഡാരിയായിരുന്നു സംഘത്തലവന്‍. ഇയാള്‍ക്ക് മൂന്നര വര്‍ഷം തടവാണ് ശിക്ഷയായി ലഭിച്ചത്.

മാനര്‍ റോസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് കാര്‍ബണ്‍ ക്രെഡിറ്റ് നിക്ഷേപങ്ങള്‍ സ്വീകരിച്ച പോള്‍ മൂര്‍ ബര്‍ബാങ്ക് ഓഫ് ലണ്ടന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച ഇയാളുടെ സഹോദരന്‍ മൈക്കിള്‍ എന്നിവര്‍ക്ക് ഏഴ് വര്‍ഷം വീതം ശിക്ഷ ലഭിച്ചു. മറ്റൊരു തട്ടിപ്പിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതിന്റെ പശ്ചാത്തലത്തില്‍ മൈക്കിളിന് 15 മാസവും പോളിന് 9 മാസവും അധിക ശിക്ഷയും നല്‍കിയിട്ടുണ്ട്.

ആല്‍ബെര്‍ട്ട് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് വിളിക്കുന്നു എന്ന് പരിചയപ്പെടുത്തി പ്രായമായവരെ തെരഞ്ഞുപിടിച്ച് ഫോണ്‍കോളുകള്‍ നടത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സിംബയോസിസ് ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയില്‍ നിക്ഷേപത്തിനെന്ന പേരിലായിരുന്നു ഈ മൂന്നാമത്തെ തട്ടിപ്പ്. ദുബായില്‍ ക്ലിനിക്കുകളുടെ ശൃംഖലയിലേക്കാണ് നിക്ഷേപം എന്നായിരുന്നു ഇരകളെ അറിയിച്ചിരുന്നത്. മുന്നൂറോളം പേരില്‍ നിന്നായി 1.4 മില്യന്‍ പൗണ്ടാണ് ഈ വിധത്തില്‍ തട്ടിയത്. മുഹമ്മദ് അലി മിശ്രയെന്ന മറ്റൊരാള്‍ക്ക് 15 മാസത്തെ തടവാണ് കോടതി നല്‍കിയത്.

സിറ്റി ഓഫ് ലണ്ടന്‍ പോലീസിന്റെ ഫിനാന്‍ഷ്യല്‍ കോണ്‍ഡക്റ്റ് അതോറിറ്റിയാണ് കേസ് അന്വേഷിച്ചത്. ഭണ്ഡാരിയാണ് ഈ സംഘത്തിന്റെ തലച്ചോറായി പ്രവര്‍ത്തിച്ചതെന്നും കോര്‍പറേറ്റ് അഡൈ്വസര്‍ എന്ന തന്റെ പദവി ദുരുപയോഗം ചെയ്ത് ഇയാള്‍ നൂറുകണക്കിനാളുകളെ കബളിപ്പിച്ചുവെന്ന് എഫ്‌സിഎ പറഞ്ഞു. 2009 മുതല്‍ 2014 വരെയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ എഫ്‌സിഎ ആരംഭിച്ചു.