ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞ മെയ് മാസം പതിമൂന്നാം തീയതി നോർത്താംപ്റ്റണിൽ മരണമടഞ്ഞ ജെയ്മോൻ പോളിന് യുകെ മലയാളികളുടെ യാത്രാമൊഴി. ജെയ്മോൻ പോളിൻെറ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചത് പോലെ രാവിലെ 10 മണി മുതൽ 11. 30 വരെ ജെയ്മോൻ പോളിൻെറ ഭൗതികശരീരം സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് ആർ സി പള്ളിയിൽ പൊതുദർശനം ആരംഭിച്ചു .
ചേതനയറ്റ പപ്പയ്ക്ക് അന്ത്യചുംബനം അർപ്പിക്കുന്ന മക്കളെയും വിങ്ങിപ്പൊട്ടുന്ന പ്രിയതമയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ദുഃഖത്തിൽ ആയിരുന്നു എല്ലാവരും. തങ്ങളുടെ ഓമന പുത്രന് അന്ത്യചുംബനം അർപ്പിക്കാൻ കേരളത്തിൽ മൂവാറ്റുപുഴ കുന്നേക്കാലിൽ നിന്ന് മാതാപിതാക്കൾ എത്തിയിരുന്നു. 42 വയസ്സുമാത്രം പ്രായമുള്ള തങ്ങളുടെ ഓമന പുത്രൻെറ വേർപാടിൽ വിങ്ങി പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകിയ ദുഃഖം ഹൃദയഭേദകമായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് അവസാന യാത്രാമൊഴിയേകാൻ ഒട്ടേറെ മലയാളികളാണ് എത്തിച്ചേർന്നത്. ജെയ്മോൻ പോൾ മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്റ്റണിലെ ആദ്യകാല മെമ്പറായിരുന്നു. ഒട്ടേറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന 42 വയസ് മാത്രം പ്രായമുള്ള ജെയ്മോൻ പോളിൻെറ വേർപാട് പലർക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ല.
വിവിധ വൈദികരുടെ സാന്നിധ്യത്തിൽ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് നോർത്താംപ്ടൺ വികാരി ഫാ. ജെബിൻ ഐപ്പിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും സംസ്കാര ശുശ്രൂഷയും നടന്നു . അന്ത്യ സംസ്കാര ചടങ്ങുകൾ നടന്നത് കിംഗ് സ് തോർപ്പ് സെമിത്തേരിയിലാണ്.
Leave a Reply