കന്യാസ്ത്രീയുടെ പീഡനപരാതിയിൽ താൻ നിരപരാധിയെന്ന് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് ജലന്തർ ബിഷപ് ഫ്രാങ്കോ മുളക്കൽ. ആറുമണിക്കൂറായി ബിഷപ്പിനെ ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ല. പരാതിക്കാരിക്ക് ദുരുദ്ദേശ്യമാണെന്നും ബിഷപ്പ് ആവര്‍ത്തിച്ചു. ചോദ്യാവലി പ്രകാരം തന്നെ മറുപടികള്‍ വേണമെന്ന് ബിഷപ്പിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംക്‌ഷനിൽ നിരാഹാരസമരം നടത്തിയിരുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു പോലീസ് നിർദേശപ്രകാരമാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ആശുപത്രിയിലും ഇവർ നിരാഹാരം സമരം തുടരുകയാണ്. തിങ്കളാഴ്ചയാണ് കന്യാസ്ത്രീയുടെ സഹോദരി നിരാഹാരസമരം ആരംഭിച്ചത്. ഇവർക്കൊപ്പം നിരാഹാരം ആരംഭിച്ച ഡോ. പി ഗീത ഇപ്പോഴും സമരം തുടരുകയാണ്. സമരത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യാൻ സമരസമിതി ഭാരവാഹികൾ വൈകിട്ട് യോഗം ചേരുന്നുണ്ട്.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഫ്രാങ്കോ മുളയ്ക്കല്‍ പൊലീസിനുമുന്നില്‍ ഹാജരായത് 11 മണിക്കുശേഷമാണ്. കോട്ടയം എസ്പി: ഹരിശങ്കറും ഡിവൈഎസ്പി: കെ.സുഭാഷുമാണ് ചോദ്യം ചെയ്യുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മണിക്കൂറുകള്‍നീണ്ട നാടകത്തിനൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിലേക്ക് എത്തിയത്. ജലന്ധറില്‍നിന്ന് നേരത്തെ വളരെ രഹസ്യമായി കേരളത്തിലെത്തിയ ബിഷപ്പ് പൊലീസ് അകമ്പടിയോടെയാണ് ചോദ്യംചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫീസിലെത്തിയത്.

ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കേരളത്തിലെത്തുന്നതിന്റെ എല്ലാ വിവരങ്ങളും തീര്‍ത്തും രഹസ്യമാക്കിയായിരുന്നു ജലന്ധറില്‍നിന്നുള്ള ബിഷപ്പിന്റെ യാത്ര. തൃശൂര്‍ അയ്യന്തോളിലുള്ള സഹോദരനും ബിസിനസുകാരനുമായ ഫിലിപ്പിന്റെ വീട്ടില്‍ ബിഷപ്പുണ്ടെന്ന സൂചനയില്‍ ഇന്ന് രാവിലെ അവിടേക്ക് മാധ്യമങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ എട്ടരയോടെ ഈ വീട്ടില്‍നിന്ന് കൊച്ചിക്ക് പുറപ്പെട്ട കാറില്‍ സഹോദരന്‍ ഫിലിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്.

എളമക്കരയിലെ ബന്ധുവീട്ടില്‍ ഈ കാറിന്റെ യാത്ര അവസാനിക്കുന്ന സമയത്ത് മറ്റൊരു ചെറുകാറില്‍ ബിഷപ്പ് രഹസ്യമയി കൊച്ചിക്ക് വരികയായിരുന്നു . തൃശൂര്‍ എറണാകുളം അതിര്‍ത്തിയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് രാവിലെ ആഡംബര കാറില്‍ കൊച്ചിക്ക് തിരിച്ച ബിഷപ്പ് ദേശീയപാതയില്‍വച്ച് ചെറുകാറിലേക്ക് യാത്ര മാറ്റുകയായിരുന്നു.

പതിനൊന്നുമണിയോടെ ബിഷപ്പ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫീസിലെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങളടക്കമാണ് ഇവിടെ കാത്തുനിന്നത്. എന്നാല്‍ സാധാരണ വാഹനങ്ങള്‍ കടത്തിവിടുന്ന വഴിവിട്ട് മറ്റൊരു ഗെയിറ്റിലൂടെയാണ് ബിഷപ്പിന്റെ കാര്‍ പൊലീസ് അകമ്പടിയോടെ ക്രൈംബ്രാഞ്ച് ഒാഫീസിനുള്ളിലെത്തിച്ചത്.