മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ബെഡ് വിത്ത് ആക്ടിങ് എന്നൊരു പാക്കേജ് കൂടി ഉണ്ടെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്രനാടക നടി ഹിമ ശങ്കര്‍ രംഗത്ത്.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനത്തിന് സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് സിനിമാ മേഖലയില്‍നിന്നും ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്നാണ് ഹിമയുടെ വെളിപ്പെടുത്തല്‍. സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറയുന്നു.

ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ലെന്നും ഹിമ പറയുന്നു. തനിക്ക് ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നും ഹിമ പറഞ്ഞു.

ആണ്‍ മേല്‍ക്കോയ്മാ മനോഭാവം മലയാള സിനിമയിലുമുണ്ടെന്നും അതൊന്നും എതിര്‍ക്കപ്പെടുന്നില്ലെന്നും ഹിമ പറയുന്നു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തിനെത്തിയതായിരുന്നു നടി.