കോട്ടയം: പീഡനക്കേസ് പിന്‍വലിക്കാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍. വൈക്കം ഡി.വൈ.എസ്.പിയോടാണ് സഹോദരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഷപ്പിന്റെ സുഹൃത്ത് വഴിയാണ് നിര്‍ണായക നീക്കത്തിന് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങിയെന്നും സഹോദരന്‍ വ്യക്തമാക്കി.
പരാതിക്കാരിയായ കന്യാസ്ത്രീയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് സഹോദരന്‍ മാധ്യങ്ങളോട് വ്യക്തമാക്കുകയും ചെയ്തതോടെ സമ്മര്‍ദ്ദിത്തിലായ ബിഷപ്പ് കാലടിയിലെ സുഹൃത്ത് വഴി അനുനയത്തിന് ശ്രമിച്ചത്. പീഡന വിഷയം ഇനി മാധ്യങ്ങളോട് സംസാരിക്കരുത്, തെളിവുകള്‍ പുറത്തുവിടരുത് തുടങ്ങിയ ആവശ്യങ്ങളാണ് ഇടനിലക്കാരന്‍ മുന്നോട്ടുവെച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. 5 കോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും കന്യാസ്ത്രീക്ക് നല്‍കാമെന്നും ഇടനിലക്കാരന്‍ പറഞ്ഞതായി സഹോദരന്‍ വ്യക്തമാക്കുന്നു.
കര്‍ദിനാളുമായുള്ള സംഭാഷണം താനാണ് പോലീസിന് കൈമാറിയത്. കന്യാസത്രീയെ ബിഷപ്പ് ലൈംഗികമായി ഉപദ്രവിച്ച കാര്യം തനിക്കറിയില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെയാണ് ഫോണ്‍ സംഭാഷണം പുറത്തുവിടേണ്ടി വന്നതെന്ന് സഹോദരന്‍ പറഞ്ഞു. നിലവില്‍ ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് കന്യാസ്ത്രീയും സഹോദരനും.
Leave a Reply