മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്ന് യു.എൻ അന്വേഷണ റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാനെതിരെ തെളിവുണ്ടെന്നും അന്വേഷണത്തെ നേരിടണമെന്നും യു.എൻ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒക്ടോബറിൽ തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ നടന്ന കൊലപാതകത്തിൽ പങ്കില്ലെന്ന സൗദി ഭരണകൂടത്തിൻറെ വാദം തള്ളിയാണ് യു.എൻ നിയോഗിച്ച ആഗ്നസ് കലാമാഡ് റിപ്പോർട്ട് കൈമാറിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കൊലപാതകത്തിൽ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേസിൽ രാജ്യാന്തര അന്വേഷണം നടത്താൻ യു.എൻ സെക്രട്ടറി ജനറൽ മുൻകൈയെടുക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം പതിനൊന്നു പ്രതികളെ സൗദി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കേസ് നടപടികൾ രാജ്യാന്തര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല പുരോഗമിക്കുന്നത്. ഭരണകൂടത്തിൻറെ പിന്തുണയോടെയും സഹായത്തോടെയുമാണ് പതിനഞ്ചംഗ സംഘം തുർക്കിയിലെത്തി കൊലപാതകം നടത്തിയത്.
മനപൂർവവും മുൻകൂട്ടി തയ്യാറാക്കിയതുമായ കൊലപാതകത്തിൻറെ ഉത്തരവാദിത്വം, രാജ്യാന്തര മനുഷ്യാവകാശ നിയമപ്രകാരം സൌദി ഭരണകൂടത്തിനാണെന്നും റിപ്പോർട്ട് പറയുന്നു. തുർക്കി, സൗദി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം, യു.എൻ റിപ്പോർട്ടിനെക്കുറിച്ചു സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Reply