ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്ക. ഇത് പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷമാണെന്ന് ഇന്ത്യയും നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്തുണ നല്‍കുന്ന തരത്തിലാണ് അമേരിക്കയുടെ പുതിയ പ്രതികരണം. പാക്കിസ്ഥാന് കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും അമേരിക്ക പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരുവരും കശ്മീർ വിഷയത്തെ കുറിച്ച് ചർച്ച ചെയ്തു. അപ്പോഴാണ് ഇന്ത്യയെ പിന്തുണച്ചുള്ള നിലപാട് അമേരിക്ക അറിയിച്ചത്. കശ്മീര്‍ മേഖലയില്‍ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞത്.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പാക്കിസ്ഥാനെന്നാണ് റിപ്പോര്‍ട്ട്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി പാക് മാധ്യമമായ ‘അറീ’ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തരത്തിൽ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നിർദേശം നൽകിയിരുന്നു. അമേരിക്ക ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചത്.
Leave a Reply