നാടിനെ നടുക്കിയ പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റിൽ. അയല്‍വാസിയായ കായക്കുന്ന് നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ(24) ആണ് അറസ്റ്റിലായത്. ജൂണ്‍ 10നു രാത്രിയാണ് റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവൻ നായർ (70), ഭാര്യ പത്മാവതി (65) എന്നിവർ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും മോഷണം നടത്തുന്നതിനാണ് വീട്ടിനുള്ളിൽ കയറിയതെന്നും ജില്ലാ പൊലീസ് മേധാവി ഡോ. ആര്‍.അരവിന്ദ് സുകുമാര്‍ പറഞ്ഞു.

ഒന്നര വർഷം മുൻപ് സമീപത്തെ മറ്റൊരു വീട്ടിൽ നിന്നു മോഷണം പോയ ഫോണാണ് അർജുൻ ഉപയോഗിച്ചിരുന്നത്. ഇൗ സംഭവത്തിലും കേസെടുക്കും. ചോദ്യം ചെയ്യലിനായി ഇൗ മാസം 9ന് മാനന്തവാടി ഡിവൈഎസ്പി ഓഫിസിൽ വിളിച്ചുവരുത്തി. ചോദ്യം ചെയ്യുന്നതിനിടെ ഓഫിസിൽ നിന്ന് ഇറങ്ങിയോടിയ അര്‍ജുന്‍ കയ്യിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയ്ക്കു ശേഷം 16നാണ് അറസ്റ്റ് ചെയ്തത്.

വയോധിക ദമ്പതികളെ കൊന്നവരെക്കുറിച്ച് അറിയണമെന്നും ഉടൻ പിടികൂടണമെന്നും ഉണ്ടായിരുന്നെങ്കിലും പരിചയമുള്ള മുഖമാകരുതേ പ്രതിക്ക് എന്നായിരുന്നു നാട്ടുകാരുടെ പ്രാർഥന. കേശവൻ നായരും പത്മാവതിയും സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ് അർജുനനെ കണ്ടിരുന്നത്. ആ ചെറുപ്പക്കാരനാണ് ദമ്പതികളെ വകവരുത്തിയതെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നു കൊല്ലപ്പെട്ടവരുടെ അകന്ന ബന്ധുക്കളിൽ ഒരാൾ പറയുന്നു.

സംഭവം നടന്ന വീട്ടിൽ നിന്നു പ്രതിയുടെ വീട്ടിലേക്ക് 300 മീറ്ററോളം ദൂരം മാത്രമാണുള്ളത്. തോട്ടത്തിലൂടെ കയറിയാൽ ദൂരം ഇതിലും കുറവാണ്. ഇതു കൊണ്ടു തന്നെ വളരെ ചെറുപ്പം മുതൽ അർജുന് ഈ വീടുമായി അടുപ്പം ഉണ്ടായിരുന്നു. 13 വർഷം മുൻപ് അർജുന്റെ അച്ഛൻ എം.പി. ബാബു കലുങ്കിൽ നിന്നു വീണാണു മരിച്ചത്. മാനസികമായി തകർന്ന അമ്മ ഇന്ദിരയും പിന്നീട് മരണപ്പെട്ടതോടെ ഇവരുടെ അർജുനും ജ്യേഷ്ഠനും തനിച്ചായി. പിന്നീട് കോളനിക്കാരുടെയും കൊല്ലപ്പെട്ട ദമ്പതികളുടെയും കരുതലിലാണ് ഇവർ വളർന്നത്.

ഹോട്ടൽ മാനേജ്മെന്റ് അടക്കമുളള പഠനം കഴിഞ്ഞ് ബെംഗളൂരുവിലും ചെന്നൈയിലും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതോടെ മാനസികമായി തകർന്ന ഈ യുവാവ് പിന്നീട് നടവയൽ അടക്കമുള്ള പ്രദേശങ്ങളിൽ മറ്റൊരു തൊഴിലാളിയോടൊപ്പം യന്ത്രമുപയോഗിച്ചു കാടുവെട്ടുന്ന ജോലിയിലായിരുന്നു കഴിഞ്ഞദിവസം വരെ എന്നു നാട്ടുകാർ പറയുന്നു.

സംഭവ ശേഷം അന്വേഷണ സംഘത്തിനൊപ്പമെത്തിയ പൊലീസ് നായ മണം പിടിച്ചു പോയതു പ്രതിയുടെ വീടിന് മുകൾ ഭാഗത്തുള്ള തോട്ടത്തിലൂടെയായിരുന്നു. പിന്നീട് ചില സൂചനകൾ ലഭിച്ച സംഘം പ്രതിയെ ഒഴിവാക്കി കോളനിയിൽ തന്നെയുള്ള മറ്റു പലരെയും ചോദ്യം ചെയ്തു. ഇത് പൊലീസിന്റെ തന്ത്രമായിരുന്നെന്നും പ്രതിയെ പൊലീസിന് അറിയാമായിരുന്നെന്നും ഇപ്പോൾ കോളനിയിലെ ചിലർ പറയുന്നു.

പൊലീസ് തൊട്ടടുത്തുള്ള പലരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുമ്പോഴും താനല്ല പ്രതിയെന്ന രീതിയിലായിരുന്നു അർജുന്റെ പെരുമാറ്റം.കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ വിഷം കഴിച്ച് ആശുപത്രിയിലായപ്പോഴും ഇതേക്കുറിച്ചു ഒരു സൂചന പോലും നാട്ടുകാർക്കോ കോളനിക്കാർക്കോ ഇല്ലായിരുന്നു. ഇതു കൊണ്ടു തന്നെയാണു നിരപരാധിയെ പൊലീസ് തല്ലിച്ചതയ്ക്കുന്നു എന്ന പരാതിയുമായി കോളനിക്കാർ സംഘടിച്ചതും മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകിയതും.

ആദ്യ പിടിവള്ളിയായതു കോവിഡ് നിയന്ത്രണങ്ങള്‍

ആദ്യ ഘട്ടത്തിൽ തന്നെ പ്രതി പ്രദേശവാസികളാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. കൊലപാതകം മോഷണത്തിന് വേണ്ടിയാകാമെന്നും പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം നടന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാലും കൊലപാതകം നടന്നയുടൻ അന്വേഷണം ആരംഭിച്ചതിനെത്തുടർന്നും പ്രതി രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഇതുകൊണ്ടു തന്നെ കൊലപാതകത്തിന് സമീപവാസികളുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്.

തെളിവുകൾ ഒന്നുതന്നെ അവശേഷിപ്പിക്കാതെ പോയതും സംഭവ ദിവസം മാനന്തവാടി മെഡിക്കൽ കോളജിൽ എത്തുന്നതു വരെ സംസാരിച്ചിരുന്ന കേശവന്റെ ഭാര്യ പത്മാവതിയോട് വിവരങ്ങൾ ചോദിച്ചറിയാതിരുന്നതും പൊലീസിന് ആദ്യഘട്ടത്തിൽ തിരിച്ചടിയായി. സംഭവം നടന്നയുടൻ വീട്ടിലെത്തിയവരോട് ഇവർ പറഞ്ഞ വിവരങ്ങൾ വച്ചാണ് അന്വേഷണം നീങ്ങിയത്. അന്നേ ദിവസം പൊലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിരുന്നെങ്കിലും മാരകമായി പരുക്കേറ്റ പത്മാവതിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല.

സംഭവ ശേഷം കടന്നുകളഞ്ഞ പ്രതി വീട്ടിലോ പരിസരത്തോ കാര്യമായ തെളിവുകൾ അവശേഷിപ്പിക്കാതെ പോയതിനാൽ കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെയായിരുന്നു എന്ന നിഗമനമായിരുന്നു ആദ്യം. പിന്നീട് കുടുംബത്തിലുള്ളവരെയും ബന്ധുക്കളെയും കേശവന്റെ വീട്ടിൽ തൊഴിലെടുത്തവരെയും കമുകിന് മരുന്നടിക്കാൻ എത്തിയവരെയും നാട്ടുകാരിൽ ചിലരെയും ചോദ്യം ചെയ്തിരുന്നു.

തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക്

സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയ രക്തക്കറയും തുണിക്കഷണവും വിരലടയാളവും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാൻ പൊലീസ്. ഇവയെല്ലാം പ്രതിയുടേതെന്നു തെളിഞ്ഞാൽ കോടതിയിൽ കാര്യങ്ങൾ എളുപ്പമാകും. വിരലടയാളം വ്യക്തമല്ലെന്നതാണു പ്രശ്നം. വീടിനകത്തു കയറിപ്പറ്റാനായി വാതിൽ കുത്തിത്തുറക്കാനാണു പ്രതി ആയുധം കൊണ്ടുവന്നത്. എന്നാൽ, ദമ്പതികൾ കണ്ടതോടെ പദ്ധതി പാളി. പ്രതിയും ദമ്പതികളുമായി വീട്ടിനുള്ളിൽ വാക്കേറ്റമുണ്ടായി.

തടയാനെത്തിയ പത്മാവതിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതും അർജുൻ പൊലീസിനോടു വിവരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും മുഖം മൂടിയിരുന്ന തുണിക്കഷണവും ധരിച്ചിരുന്ന ഷൂസും പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. തലയിലിട്ട തുണി അർജുൻ വായ്കൊണ്ടു കടിച്ചു പിടിച്ചിരുന്നു. മുഖം മൂടിയിട്ടയാളാണ് അക്രമിയെന്നു പത്മാവതി പൊലീസിനോടു പറ‍ഞ്ഞിരുന്നു.