ഷെറിൻ പി യോഹന്നാൻ

ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട്, രാഷ്ട്രത്തിന്റെ സമകാല അവസ്ഥയോട്, നീതിപീഠത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സിനിമ ഒരു ആയുധമാക്കുന്നു. ഇത്തരം സിനിമകൾ നിർമ്മിക്കാനും അതിലഭിനയിക്കാനും പ്രിത്വിരാജ് എന്ന നടൻ തയ്യാറാകുന്നു – അഭിനന്ദനാർഹമായ കാര്യം. ഡിജോ ജോസിന്റെ ‘ജന ഗണ മന’ ഒരു പൊളിറ്റിക്കൽ – കോർട്ട് റൂം ഡ്രാമയാണ്. നമ്മൾ എന്നെങ്കിലുമൊക്കെ ചോദിച്ച, സ്വയം മനസ്സിലാക്കിയ, തിരിച്ചറിഞ്ഞ കാര്യങ്ങളാണ് സിനിമ സധൈര്യം മുൻപോട്ട് വെക്കുന്നത്. അത് വെറുതെ അവതരിപ്പിക്കുകയല്ല. മറിച്ച് ശക്തമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്.

രാമനഗര കേന്ദ്ര സർവകലാശാലയിലെ അധ്യാപികയുടെ മരണത്തെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ പെട്ടെന്നു തന്നെ രാജ്യമൊട്ടാകെ വ്യാപിക്കുന്നു. എത്രയും വേഗം പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. അന്വേഷണ ചുമതല എസിപി സജൻ കുമാറിനാണ്. അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത് – ആദ്യ പകുതി വരെ. രണ്ടാം പകുതിയിൽ ഒരു കോർട്ട് റൂം ഡ്രാമയായി ചിത്രം രൂപം മാറുന്നു.

അന്വേഷണത്തിൽ ഭരണകൂടത്തിന്റെ കൈകടത്തൽ ഉണ്ടാവുമ്പോൾ, ഏവരും പ്രതികളെന്ന് വിധിയെഴുതിയവർക്ക് ശിക്ഷ നടപ്പാക്കാൻ കഴിയാതെ വരുമ്പോൾ നീതിയാണോ നിയമമാണോ നോക്കേണ്ടത്? ജനങ്ങളുടെ പൊതുവികാരത്തോടൊപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോൾ അതിനെ റദ്ദ് ചെയ്യുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ. ആ കാഴ്ചകളാണ് ഇന്നത്തെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി. അവിടെ തെളിയുന്ന കാഴ്ചയും ഉയരുന്ന സത്യങ്ങളും കാഴ്ചക്കാരനെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.

എസിപി സജൻ കുമാറായുള്ള സുരാജിന്റെ മികവുറ്റ പ്രകടനമാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്. കൂടുതൽ തീവ്രമായി കഥ പറയാൻ ഒരു നിലമൊരുക്കുന്നു എന്നതിലുപരി ഒന്നാം പകുതിയിൽ താല്പര്യമുണർത്തുന്ന കാഴ്ചകൾ കുറവാണ്. “In the matters of conscience the law of the majority has no place” – ഗാന്ധിജിയുടെ ഈ വാചകങ്ങളാണ് രണ്ടാം പകുതിയിലേക്ക് വഴി തുറക്കുന്നത്. അവിടെ നമ്മൾ അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീലിനെ കാണുന്നു. രണ്ടാം പകുതിയിലെ കോർട്ട് റൂം സീൻ റിയലിസ്റ്റിക് ആക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. അത് സിനിമാറ്റിക് ആയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ശക്തമായ സംഭാഷണങ്ങളും മികവുറ്റ കാഴ്ചകളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും കടന്നുവരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രിത്വിരാജ്, സുരാജ്, വിൻസി, മംമ്ത, ശാരി, പശുപതി രാജ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ, ജെക്സ് ബിജോയിയുടെ ഗംഭീരമായ പശ്ചാത്തലസംഗീതം, ഷാരിസ് മുഹമ്മദിന്റെ ബോൾഡായ സ്ക്രിപ്റ്റ്, രണ്ടാം ഭാഗത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ എന്നിവയൊക്കെ സിനിമയെ എൻഗേജിങ്‌ ആയി നിലനിർത്തുന്നു. രണ്ടാം ഭാഗത്താണ് ചിത്രം കൂടുതൽ കാര്യങ്ങൾ പറയുക എന്ന് തോന്നുന്നു. അത്തരമൊരു ക്ലൈമാക്സ്‌ നൽകി നമ്മുടെ പ്രതീക്ഷ വർധിപ്പിച്ചുകൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.

Last Word – ‘ജന ഗണ മന’ വളരെ ബോൾഡ് ആയ അറ്റംപറ്റ് ആണ്. ഇന്ത്യയിൽ നടന്ന പല സംഭവങ്ങളും സിനിമകാഴ്ചയിൽ നമ്മുടെ മനസ്സിലേക്ക് തികട്ടി വരും. പല യാഥാർഥ്യങ്ങളെ കൂടി സ്‌ക്രീനിൽ എത്തിച്ച്, കാലികപ്രസക്തിയുള്ള സിനിമ ഒരുക്കിയെടുത്തത്തിൽ സംവിധായകനും കൂട്ടർക്കും അഭിമാനിക്കാം. തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രം.

ഉടുത്തിരിക്കുന്ന വേഷങ്ങൾ കൊണ്ട് മനുഷ്യരെ വിധിക്കുന്ന, മുൻവിധികളോടെ സമീപിക്കുന്ന, ഭൂരിപക്ഷത്തിന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന, ജാതിക്കൊലപാതകങ്ങളും പീഡനവും നിത്യവാർത്തയാകുന്ന ഒരു രാജ്യത്താണ് ഈ ചിത്രം ജനങ്ങളിലേക്ക് ആളിപടരുന്നത്. ഇന്നും ജനങ്ങൾ കയ്യടിക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളെ (Police Encounter) പ്രതികൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നുണ്ട് ചിത്രം. അത്തരം കൊലപാതകങ്ങൾക്ക് നമ്മൾ കയ്യടിക്കുമ്പോൾ വിളവ് കൊയ്യുന്നത് ആരാണെന്ന് കൂടിയോർക്കണം.

സിനിമയിൽ ഒരധ്യാപകൻ പറയുന്ന ആശയത്തോട് വ്യക്തിപരമായ എതിർപ്പുണ്ട്. ‘അവർ ചുംബന സമരത്തിന്‌ പോയതിനല്ല തല്ല്‌ കൊണ്ടത്‌’ എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടാൻ അദ്ദേഹം പറയുന്നത്. ആ സമരരീതിയോട് വിയോജിക്കാമെങ്കിലും സമരത്തെയും സമര പശ്ചാത്തലത്തെയും പാടെ തിരസ്കരിക്കുന്നത് ശരിയല്ലെന്ന് തോന്നി.

Institutional Murder ചർച്ച ചെയ്യാൻ സിനിമ തയ്യാറായെന്നതും പ്രശംസനീയമായ കാര്യമാണ്. ദളിത്‌ വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ച സംഭവവും രോഹിത്‌ വെന്മുലയും ഫാത്തിമ ലത്തീഫുമൊക്കെ ചോദ്യചിഹ്നങ്ങളായി നിൽക്കുന്നത് അവിടെയാണ്. ഇതൊന്നും ‘ഒറ്റപ്പെട്ട’ സംഭവങ്ങൾ അല്ലെന്ന് സിനിമ സധൈര്യം വിളിച്ചുപറയുന്നു.