ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദളപതി വിജയ് നായകനായ ‘ജനനായകൻ’ ഇന്ത്യയിൽ സെൻസർ അനുമതി ലഭിക്കാത്തതിനിടെ യുകെയിൽ പ്രദർശനാനുമതി നേടി. ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ (BBFC) ചിത്രം 15 റേറ്റിംഗോടെയാണ് അംഗീകരിച്ചത്. മോശമായ ഭാഷ, അക്രമദൃശ്യങ്ങൾ, ലൈംഗിക ഉള്ളടക്കം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നൽകുന്നത് . ഇന്ത്യൻ ചിത്രങ്ങൾ സാധാരണയായി ആദ്യം CBFC സർട്ടിഫിക്കറ്റ് നേടാറുള്ളതിനാൽ, ഇന്ത്യയ്ക്ക് മുൻപ് വിദേശത്ത് അനുമതി ലഭിച്ചതാണ് വാർത്തയായത്.

ഇന്ത്യയിൽ കേന്ദ്ര സെൻസർ ബോർഡിന്റെ (CBFC) അംഗീകാരം വൈകുന്നതോടെ ജനുവരി 9 ന് നിശ്ചയിച്ചിരുന്ന റിലീസ് അനിശ്ചിതത്വത്തിലായി. നിർദേശിച്ച സംഭാഷണ മാറ്റങ്ങൾ നടപ്പാക്കിയ ശേഷവും ചില ഡയലോഗുകൾ മതവികാരങ്ങളെ വ്രണപ്പെടുത്താമെന്ന ആശങ്ക നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. വിജയിയുടെ ചിത്രം അവസാന നിമിഷം വരെ അനുമതിക്കായി കാത്തിരിക്കേണ്ടി വന്നതും സിനിമാ മേഖലയിലും ആരാധകരിലും വലിയ ചർച്ചയാകുകയാണ്.

സെൻസർ വൈകിപ്പിനെ തുടർന്ന് നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വാദത്തിനിടെ ചിത്രം വീണ്ടും പരിശോധിക്കാൻ പുനഃസംഘടിപ്പിച്ച സമിതിയെ നിയോഗിച്ചതായി CBFC കോടതിയെ അറിയിച്ചു. രേഖകൾ സമർപ്പിക്കാനും വിശദീകരണം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട് . ചില രാജ്യങ്ങളിൽ അനുമതി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.











Leave a Reply