ലോക സംഗീത ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് മലയാളിയായ ജാനകി ഈശ്വര്‍. ഓസ്ട്രേലിയലെ ‘ദി വോയ്സ്’ എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് പന്ത്രണ്ടു വയസ്സുകാരിയായ ജാനകി.

സംഗീതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ കുടുംബത്തിലാണ് ജാനകി ജനിച്ചത്. അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ജാനകി. ഈയടുത്ത് ‘ക്ലൗണ്‍’ എന്ന പേരില്‍ തന്റെ ആദ്യ സ്വതന്ത്രഗാനവും പുറത്തിറക്കി ഈ കൊച്ചുമിടുക്കി.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ജാനകി സ്വന്തം യൂട്യൂബ് ചാനല്‍ വഴി ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്ക് തുടങ്ങിയ ഗ്ളോബല്‍ സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമുകളിലും ജാനകിയുടെ സംഗീതം ആസ്വദിക്കാനാവും.