ജ്യോതിലക്ഷ്മി.ആർ

അയാൾ വെളിച്ചത്തിന്റെ നിറം തന്നെ മറന്നുപോയിരിക്കുന്നു.ഈ ഏകാന്തവാസം തന്നിലെ മനുഷ്യന്റെ മരണമാണെന്ന് അയാൾ വിശ്വസിച്ചു.തളർന്നുപോയ തന്റെ കാലുകൾക്ക് പകരക്കാരനായി വന്ന വീല്ചെയറിലേക്ക്‌ പടരാൻ അയാൾ ആഗ്രഹിച്ചുവെങ്കിലും മനസ്സിന്റെ വേഗം ശരീരത്തിനില്ലെന്ന ബോധം ആ വൃദ്ധനെ വിലക്കി.തികഞ്ഞ അവജ്ഞയോടെ മുറിയിലേക്ക് കടന്നുവന്ന മകന്റെ ഭാര്യയുടെ മുഖം തന്നെ പരിചരിച്ചിരുന്ന ഹോംനേഴ്‌സ് ഇന്ന് അവധിയിലാണെന്നതിനാലാണ് തെളിയാത്തതെന്ന് അയാൾ ഊഹിച്ചിരുന്നു.എന്തൊക്കെയോ ചെയ്തെന്നു വരുത്തിത്തീർത്തിട്ട് അവർ തന്റെ വളർത്തുനായയുടെ വിശപ്പില്ലായ്മയ്ക്ക് കാരണം തിരക്കി ഡോക്ടറിന് പുറകെ പാഞ്ഞു.
ജനൽപ്പാളികളെ അടിച്ചുലച്ചുകൊണ്ട് കടന്നുവന്ന കാറ്റ്‌ വൃദ്ധന്റെ മുഖത്ത് നനുത്ത പ്രകാശം പരത്തി.കാർമേഖങ്ങളുടെ ഇരമ്പൽ അയാളിൽ ആവേശമുയർത്തി.ഇന്ന് മഴ തിമിർത്താടും, അയാൾ ചുവരുകളോടായി പറഞ്ഞു.കുളിർമഴ നനയാനുള്ള കൊതിയാൽ വൃദ്ധൻ വിളിച്ചുകൂവി.ആരുമില്ലേ അവിടെ, എന്നെ ആ ജനാലക്കരികിൽ ഒന്നെത്തിക്കണെ, ആരെങ്കിലുമുണ്ടോ അവിടെ.നിശ്ശബ്ദത മറുപടിയായി തുടർന്നപ്പോൾ സ്വയം ഒരു ശ്രമം നടത്താമെന്നുറപ്പിച്ചു അയാൾ തന്റെ കിടക്കയിൽനിന്നും തറയിലേക്കൂർന്നുവീണു.കൈകളാൽ ഏന്തിവലിഞ്ഞു ജനാലയ്ക്കരിലെത്തി.മഴത്തുള്ളികൾ വൃദ്ധനെ ആശ്ലേഷിച്ചു.ആ കുളിര് ഉള്ളിലെ തീയേ ശമിപ്പിച്ചപ്പോൾ കുടുകുടെ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു “നീ തകർത്ത് പെയ്തോടാ മോനെ”.
“അച്ഛൻ മയക്കത്തിലാണോ”? ഒരു ഞെട്ടലോടെ അയാൾ യാഥാർഥ്യത്തിലേക്കു തിരിഞ്ഞു.തനിക്കു ഭക്ഷണവുമായി എത്തിയ മകനെ കണ്ടില്ലെന്ന ഭാവേന വൃദ്ധൻ കിടക്കയിൽ തുടർന്നു.”അല്പം വൈകിപ്പോയച്ഛ, ഇന്ന് ഓഫീസിൽ തിരക്ക് ജാസ്തിയായിരുന്നു”.വേവിച്ച പച്ചക്കറികളും സൂപ്പും മേശമേൽ വച്ച് മകൻ മടങ്ങി.പൂർത്തിയാക്കാത്ത തന്റെ സ്വപ്നത്തിനു മേൽക്കൂര പകാൻ വൃദ്ധൻ കണ്ണുകൾ മുറുക്കെയടച്ചു.തന്റെ കാലുകൾക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം കണ്ണുകളിലൂടെ പ്രവഹിച്ചത് അയാൾ അറിഞ്ഞിരുന്നില്ല………

ജ്യോതിലക്ഷ്മി.ആർ

പത്തനംതിട്ട പുല്ലാട് സ്വദേശി . മാർത്തോമ കോളേജ്, തിരുവല്ലയിൽ രണ്ടാം വർഷം ബി.എസ്.സി ഫിസിക്‌സ്
വിദ്യാർത്ഥി