സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 21 വർഷമായി സണ്ണി എന്ന മനുഷ്യൻ ലണ്ടൻ നഗരം ചുറ്റി കാണുകയാണ്. രാത്രികളിലെ സൗന്ദര്യം ആസ്വദിച്ചു അദ്ദേഹം യാത്ര ചെയ്യുകയാണ്. മാനസിക വൈകല്യമുള്ള സണ്ണി, മാനസികാരോഗ്യകേന്ദ്രത്തിൽ അഡ്മിഷനായി അപേക്ഷിച്ചെങ്കിലും ഇതുവരെ ആ അപേക്ഷ അംഗീകരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഒരു സ്ത്രീയാണ് അദ്ദേഹത്തിന് മാസത്തിലുള്ള പാസ് എടുത്തു നൽകിയത്.പലപ്പോഴും പകൽ കാലങ്ങളിൽ പള്ളികളിൽ ചെന്ന് അദ്ദേഹം സഹായിക്കാറുണ്ട്.അതിനു ശേഷമുള്ള സമയങ്ങൾ അദ്ദേഹം വെസ്റ്റ്മിനിസ്റ്റർ ലൈബ്രറിയിലാണ് ചിലവഴിക്കുന്നത്.

റസ്റ്റോറന്റുകളിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം നൽകാറാണ് പതിവ്. ക്രിസ്മസ് കാലങ്ങളിൽ പതിവ് തെറ്റിച്ച് പള്ളികൾ നൽകുന്ന പാർപ്പിടങ്ങളിൽ താമസിക്കുകയാണ്. പലപ്പോഴും പല ബുദ്ധിമുട്ടുകളും തന്നെ തേടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു . യാത്രകളിൽ ലണ്ടനിന്റെ ആത്മാവിനെ തൊട്ടറിയുകയാണ് അദ്ദേഹം.

തന്റെ യാത്രകളിൽ ഉടനീളം സണ്ണി തന്റെ ചുറ്റുമുള്ള മൂന്ന് വിഭാഗം ആൾക്കാരെ ശ്രദ്ധിച്ചിരുന്നു. ആദ്യത്തെ കൂട്ടർ മെച്ചപ്പെട്ട ജീവിതത്തിനായി ഈ രാജ്യത്തെത്തിയവരാണ്. അവർ പ്രഭാതത്തിനു മുൻപുള്ള ക്ലീനിങ് ജോലികളിൽ ഏർപ്പെടുന്നു. രണ്ടാമത്തെ സംഘം കൂടുതലും തദ്ദേശീയരായ ബ്രിട്ടീഷുകാരാണ്. അവർ നൈറ്റ് ക്ലബ്ബുകളിൽ നിന്ന് വീട്ടിലേയ്ക്ക് തിരിച്ചു പോകുന്നു. മൂന്നാമത്തെ കൂട്ടർ തന്നെപ്പോലുള്ള ഭവനരഹിതരാണ്. മറ്റെവിടെയും പോകാൻ ഇടമില്ലാത്തവർ. ബസുകളിലും മറ്റും വിശ്രമിക്കാൻ ഇടം തേടി അലയുന്നവർ.

സണ്ണി തന്റെ യാത്ര തുടരുകയാണ്, പരിഭവങ്ങളും പരാതികളും ഇല്ലാതെ.