ജനരക്ഷായാത്രയുടെ സംഘാടനത്തിലും പങ്കാളിത്തത്തിലും ദേശിയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് അതൃപ്തി. പയ്യന്നൂരില്‍ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്ത അമിത്ഷാ 9 കിലോമീറ്ററോളം ജാഥയോടൊപ്പം നടന്നെങ്കിലും ബി.ജെ.പി ദേശിയഅധ്യക്ഷന്‍ പങ്കെടുത്ത പരിപാടിക്ക് വേണ്ടത്ര ജനപങ്കാളിത്തമോ മാധ്യമ ശ്രദ്ധയോ ഉണ്ടായില്ല എന്ന വിലയിരുത്തലാണ് അമിത് ഷായ്ക്കും ബി.ജെ.പി ദേശിയ നേതൃത്വത്തിനുമുള്ളത്. ഇന്നലെ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപ് ആരാധകര്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമങ്ങള്‍ അമിത്ഷായെയും ബി.ജെ.പി ജാഥയെയും ഏതാണ്ട് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. 3 ദിവസം ജാഥയോടൊപ്പം സഞ്ചരിക്കുമെന്നു അറിയിച്ചിരുന്ന അമിത് ഷാ യാത്ര അവസാനിപ്പിച്ച് ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു .

ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നത ജാഥയുടെ സംഘാടനത്തിലും വ്യക്തമായി പ്രതിഫലിക്കുകയുണ്ടായി. പല ചേരികളായി തിരിഞ്ഞു നില്‍ക്കുന്ന പ്രമുഖ നേതാക്കള്‍ പലരും തമ്മില്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാതിരുന്നത് അമിത്ഷായുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കൃഷ്ണദാസ്, മുരളീധരന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് നിയന്ത്രിക്കാന്‍ ദേശീയനേതൃത്വത്തിനും കഴിയുന്നില്ല. അതോടൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെക്കാള്‍ വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാളെ പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം ശക്തികേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അമിത്ഷാ യാത്രയിലുണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. പിണറായിയിലൂടെയുള്ള യാത്രയില്‍ അമിത്ഷാ ഉണ്ടാകുമെന്ന വാര്‍ത്തയ്ക്ക് ബി.ജെ.പി കേന്ദ്രങ്ങള്‍ വലിയ പ്രചരണമാണ് നല്‍കിയിരുന്നത്. യാത്ര മതിയാക്കി അമിത്ഷാ മടങ്ങിയത് പ്രവര്‍ത്തകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ജാഥയോടൊപ്പം സഞ്ചരിക്കും. നാളെയും ആദിത്യനാഥ് ജാഥയിലുണ്ടാകുമെന്ന് ബി.ജെ.പി നേതൃത്വം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രവര്‍ത്തകര്‍ മടിക്കുകയാണ്. സെപ്റ്റംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനമൊട്ടാകെ പോസ്റ്ററുകള്‍ പതിച്ചതിനുശേഷം പൊടുന്നനേ ജാഥ മാറ്റിവെച്ചതുപോലെ, ഏതു നിമിഷവും നേതൃത്വം വാക്കുമാറ്റാം എന്ന അഭിപ്രായമാണ് ബി.ജെ.പി നേതൃത്വത്തെക്കുറിച്ച് അണികള്‍ക്കുള്ളത്.