ടോം ജോസ് തടിയംപാട് , ജോസ് മാത്യു
ഞങ്ങളുടെ ജപ്പാൻ യാത്രയുടെ നാലാം ദിവസമാണ് ഹിരോഷിമയിൽ എത്തുന്നത് ഞങ്ങൾ എത്തുമ്പോഴും ഹിരോഷിമയിൽ ആറ്റം ബോബിന്റെ ശക്തിയിൽ പൂർണ്ണമായി തകരാതെ നിന്ന Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ ) നോട് ചേർന്ന് ഒഴുകുന്ന മോട്ടോയാസു നദി സമാധാനമായി ഒഴുകി കൊണ്ടിരിക്കുന്നു ആ നദിക്കു കുറുകെ നിൽക്കുന്ന പാലത്തിൽ നിന്ന് dome നെ ലക്ഷ്യമാക്കി ഞങ്ങൾ നിരന്നുനിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ആ നദിയിലെ വെള്ളം കണ്ണീരായി എനിക്ക് തോന്നി അത്രമാത്രം വേദനയാണ് 1945 ആഗസ്ത് 6 സമയം 8 .15 മുതൽ ഈ നദി അനുഭവിച്ചത് അന്നാണ് അമേരിക്കയുടെ യുദ്ധവിമാനം ലിറ്റിൽ ബോയ് എന്ന ആറ്റം ബോംബ് Genbaku Dome നെ ലക്ഷ്യമാക്കി ഹിരോഷിമയിലേക്കു വാർഷിച്ചത് എന്നാൽ തൊട്ടടുത്തുള്ള ഷൈമ ആശുപത്രിയുടെ 600 മീറ്റർ ഉയരത്തിൽ വച്ച് ആ ബോംബ് പൊട്ടുമ്പോൾ അത് ലോക ചരിത്രത്തിലെ ഭീകരമായ കൂട്ടക്കൊലയുടെയും പിന്നീട് ലോകസമാധാനത്തിൻെറയും പ്രതീകമായി മാറി .
ലോക ചരിത്രത്തിലെ ആദ്യ ആറ്റം ബോംബ് പൊട്ടിത്തെറിച്ചപ്പോൾ രണ്ടു സെക്കന്റിനുള്ളിൽ പുറത്തേക്കു വമിച്ച ചൂട് 7700 ഡിഗ്രി ആയിരുന്നു. രണ്ടു സെക്കൻറ് കഴിഞ്ഞു മൂന്നു സെക്കന്റിലേക്കു പ്രവേശിച്ചപ്പോൾ ചൂട് 3000 നും 4000 നും ഇടയിലായി തൽക്ഷണം 70000 ത്തോളം ആളുകൾ ചൂടുകൊണ്ട് ഉരുകി മരിച്ചു വീണു. ധാരാളം ആളുകൾ ജീവൻ രക്ഷിക്കാൻ മോട്ടോയാസു നദിയിലേക്ക് എടുത്തുചാടി. പക്ഷെ അവരെ ചൂടിൽ നിന്ന് രക്ഷിക്കാൻ അവൾക്കു കഴിഞ്ഞില്ല. അവരെല്ലാം ശവശരീരങ്ങളായി അവളുടെ മാറിലൂടെ ഒഴുകി. ആ കണ്ണീരിന്റെ വേദന പാലത്തിൽ നിന്ന് നദിയിലേക്കു നോക്കിയ എനിക്ക് ശാന്തമായി ഒഴുകുമ്പോഴും അവളിൽ കാണാൻ കഴിഞ്ഞു .
ബോംബ് പൊട്ടിയതിനു ശേഷം രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള തടികൊണ്ട് നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും കത്തിയമർന്നു. 1,40000 മനുഷ്യർ മരിച്ചു വീണു. 5 കിലോമീറ്റർ അകലെപോലും ബോംബിന്റെ പൊടിപടലങ്ങൾ എത്തി ,ജീവിച്ചിരുന്നവർ ക്യാൻസർ രോഗികൾ ആയിമാറി. മൂന്നര കിലോമീറ്റർ ചുറ്റളവിൽ താമസിച്ച മനുഷ്യരുടെ തൊലി പൂർണ്ണമായി കത്തിയെരിഞ്ഞു. ഏകദേശം 92 % വരുന്ന ഹിരോഷിമ പട്ടണം തകർന്നടിഞ്ഞു. 76000 കെട്ടിടങ്ങൾ തകർന്നു വീണു. അങ്ങനെ ഹിരോഷിമ ഒരു ശവപ്പറമ്പായി മാറി. ആ പ്രദേശത്ത് ആകെ അവശേഷിച്ചത് 1915 ൽ പണി പൂർത്തീകരിച്ച ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ അഥവാ Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ )ന്റെ മുകൾഭാഗം പൂർണ്ണമായി ഉരുകി നശിച്ചു. ഈ മഹാ സൗധം ഇന്ന് ലോകത്തോട് സമാധാനം ആശംസിച്ചു കൊണ്ട് തലയുർത്തി നിൽക്കുന്നു. ഇതു കാണുവാൻ ലോകം ഹിരോഷിമയിലേയ്ക്കു ഒഴുകിയെത്തുന്ന കാഴ്ചയാണ് അവിടെ കണ്ടത് .
പക്ഷെ ഇന്ന് നമുക്ക് അവിടെ കാണാൻ കഴിയുന്നത് ജപ്പാൻ ജനതയുടെ കരുത്താണ്. അനുഭവത്തിൽ നിന്നും അവർ പഠിച്ച പാഠം വലുതാണ്. ആ പ്രദേശം മുഴുവൻ അവർ പച്ച പുതപ്പിച്ചു പടുകൂറ്റൻ കെട്ടിടങ്ങൾ നിർമ്മിച്ചും വ്യവസായങ്ങൾ പടുത്തുയർത്തിയും അവർ നമ്മളെ അതിശയിപ്പിക്കുന്നു. അവിടെ നിലനിർത്തിയിട്ടുള്ള Genbaku Dome ഇല്ല എങ്കിൽ അങ്ങനെ ഒരു ബോംബ് വീണ സ്ഥലമാണ് എന്ന് നമുക്ക് തോന്നുന്നില്ല. അത്രമാത്രം വലിയ വികസനമാണ് ഈ 80 വർഷംകൊണ്ട് അവർ നേടിയത്. ജപ്പാൻ ജനതയുടെ അധ്വാനവും ബുദ്ധിയും എന്താണ് എന്ന് അവർ ലോകത്തെ പഠിപ്പിക്കുകയാണ് ഈ പട്ടണം ചൂണ്ടികാണിച്ചുകൊണ്ട്.
.
പസഫിക്ക് സമുദ്രത്തിലെ നാലു പ്രധാന ദീപുകളുടെ സമാഹാരമാണ് ജപ്പാൻ എന്ന രാജ്യ൦. 2600 വർഷത്തെ ചരിത്രമുള്ള രാജാവും യുദ്ധതന്ത്രജ്ഞരായ സമുറായികളും, കഠിനാധ്വാനികളും ബുദ്ധിമാന്മാരുമായ മനുഷ്യരും നിറഞ്ഞ ഒരു രജ്ജ്യമാണ് ജപ്പാൻ . രാജാവ് സൂര്യനിൽ നിന്നും ജനിച്ചതാണ് എന്നാണ് വിശാസം. രാജാവ് രാഷ്ട്രീയ അധികാരിയും അദ്ദേഹത്തിന്റെ മതമായ ഷിൻടോ മതത്തിന്റെ പ്രധാന പൂജാരിയുമാണ്. അങ്ങനെ മതവും അധികാരവും പൂർണ്ണമായി കേന്ദ്രികരിക്കപ്പെട്ട പൂർണ്ണ അധികാരമായിരുന്നു ജപ്പാൻ ചക്രവർത്തിയുടേത് .
ഇങ്ങനെ ഒക്കെ ആയിരുന്നുവെങ്കിലും ജപ്പാൻ എന്ന കൊച്ചു രാജ്യത്തിനു വളരാൻ വേണ്ട അസംസ്കൃത വസ്തുക്കൾ അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ടു അതു ലഭിക്കുന്നതിനുവേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തു മുതൽ മറ്റു രാജ്യങ്ങളെ കീഴടക്കാൻ തുടങ്ങി ചൈനയുടെ ഭാഗമായ മഞ്ചുറിയ, മലയ, ഫ്രാൻസിന്റെ കോളനികളായ പസഫിക് ദീപുകൾ എന്നിവ അവർ പിടിച്ചടുക്കുകയും ക്രൂരമായ ആക്രമണവും ബലാൽസംഗവും കൊള്ളയുമാണ് ജപ്പാൻ സൈന്യ൦ അവിടെ നടത്തിയത്. അതിനാൽ രണ്ടാം ലോക മഹായുദ്ധത്തിൽ പക്ഷം ചേരാതിരുന്ന അമേരിക്ക ജപ്പാനെ ഉപരോധിച്ചു. ജപ്പാൻ 90 % പെട്രോൾ വാങ്ങിയിരുന്നത് അമേരിക്കയിൽ നിന്നായിരുന്നു. ഉപരോധം ജപ്പാനെ വലച്ചു . കൂടാതെ അമേരിക്ക പസഫിക്കിൽ വ്യാപിക്കുന്ന ജപ്പാൻ ശക്തിയെ തടയാൻ Oahu, Hawaii, ദീപിൽ ഒരു വലിയ നേവൽ ബെയ്സ് (Pearl Harbor )സ്ഥാപിക്കുകയും ചെയ്തു. ഇതിൽ പ്രതിക്ഷേധിച്ച് ജപ്പാൻ Pearl Harbor ആക്രമിക്കുകയും ഏകദേശം 25000 സൈനികരെ കൊന്നൊടുക്കുകയും വലിയ നഷ്ടങ്ങൾ അമേരിക്കയ്ക്ക് വരുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചു അമേരിക്ക ജപ്പനെതിരെ യുദ്ധം പ്രഖ്യപിക്കുകയും ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാനപട്ടണങ്ങൾ ബോംബിട്ടു നശിപ്പിക്കുകയും അവരുടെ കാണപ്പെട്ട ദൈവമായ ചക്രവർത്തിയുടെ പാലസിൽ ബോംബ് ഇടുകയും ചെയ്തു. ചക്രവർത്തിക്കു വേണ്ടി മരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് എന്ന ചിന്തയിൽ യുദ്ധം തുടർന്ന ജപ്പാനെ കീഴ്പ്പെടുത്താൻ 1945 അമേരിക്ക കണ്ടുപിടിച്ച ആറ്റം ബോംബ് ജപ്പാന്റെ വ്യാവസായിക , സൈനിക കേന്ദ്രമായ ഹിരോഷിമയിൽ വർഷിക്കാൻ അമേരിക്ക തീരുമാനിക്കുകയാണ് ചെയ്തത്. ബോംബ് ഇടുന്നതിനു മുൻപ് അമേരിക്കൻ പ്രസിഡന്റ് ഹാരിസ് ട്രൂമാൻ കൊടുത്ത മുന്നറിയിപ്പുകൾ ജപ്പാൻകാർ വകവെച്ചില്ല. കാരണം ഇത്തരം ഒരു ആയുധം അമേരിക്കയുടെ കൈയ്യിലുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു .
ഹിരോഷിമയിൽ ബോംബ് വർഷിച്ച ശേഷം മൂന്നുദിവസം കഴിഞ്ഞു നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിച്ചപ്പോൾ ചക്രവർത്തിക്ക് കിഴടങ്ങാതെ മാർഗമില്ലാതെ വന്നു. അങ്ങനെ ദൈവം മനുഷ്യരുടെ മുൻപിൽ കിഴടങ്ങി . പിന്നീട് ലോകം കാണുന്നത് ആണവ നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി മുൻപിൽ നിന്ന് പോരാടുന്ന ജപ്പാനെയാണ് . ലോകസമാധാനത്തിനു വേണ്ടി അവർ സ്ഥാപിച്ച യുദ്ധ സ്മാരകത്തിൽ അവർ എഴുതി വച്ചിരിക്കുന്നത് Let all the souls here rest in peace ,for we shall not repeat the evil ( ഇവിടെയുള്ള എല്ലാ ആത്മാക്കളും സമാധാനത്തോടെ വിശ്രമിക്കട്ടെ, നമ്മൾ ആ തിന്മ ആവർത്തിക്കില്ല). എന്നാണ് ജപ്പാൻ അവർ ചെയ്ത തിന്മയിൽ നിന്നും ഉയർത്തെഴുന്നേറ്റു ലോകത്തിനു മാതൃകയായി നിൽക്കുന്നു .
Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ ) നോട് ചേർന്ന് തന്നെ സ്ഥാപിച്ചിട്ടുള്ള Hiroshima peace മെമ്മോറിയൽ മ്യൂസിയത്തിൽ നിറയെ ബോംബ് വീണ സമയത്തു ഉരുകിയ സാധനങ്ങളും അന്നത്തെ മനുഷ്യരുടെ അവസ്ഥയും വിവരിക്കുന്നുണ്ട് ,ബോംബ് വീണ സമയത്തെ മനുഷ്യരുടെ അവസ്ഥ ചിത്രീകരിക്കുന്ന ഒരു ചെറിയ ഡോക്യൂമെന്ററിയും കാണിക്കുന്നുണ്ട്. ഇതെല്ലാം കണ്ടിറങ്ങിയപ്പോൾ മനസ് മരവിച്ച അവസ്ഥയായിരുന്നു ഞങ്ങളുടേത് . അമേരിക്കൻ പ്രസിഡന്റ് ഒബാമ ഈ മെമ്മോറിയൽ സന്ദർശിക്കുകയും ബോംബിനെ അതി ജീവിച്ച മനുഷ്യരെ കണ്ടു സംസാരിക്കുകയും മെമ്മോറിയലിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തെങ്കിലും അമേരിക്ക ആറ്റം ബോംബ് ഇട്ടതിന് ഇന്നും ക്ഷമ പറഞ്ഞിട്ടില്ല.!!!!….
യു കെ യുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 35 മലയാളികൾ അടങ്ങിയ യാത്രാ സംഘമാണ് ജപ്പാൻ സന്ദർശിച്ചത് ഞങ്ങളുടെ ട്രാവൽ ഏജൻസി മികച്ച സൗകര്യങ്ങളാണ് യാത്രയിൽ ഉടനീളം ഒരുക്കി തന്നത്.
(തുടരും )
Leave a Reply