ടോം ജോസ് തടിയംപാട്, ജോസ് മാത്യു
ഞങ്ങളുടെ യാത്രയുടെ ഏഴാം ദിവസമാണ് ജപ്പാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ ചരിത്രം ഉറങ്ങുന്ന ഫുജി പർവ്വതം കാണാൻ പോയത്, 3776 മീറ്റർ ഉയരവും 100 കിലോമീറ്റർ നീളവുമുള്ള ജപ്പാനിലെ ഏറ്റവും ഉയരമുള്ള ഈ പർവ്വതം കാണാൻ ലോകത്തങ്ങോളമിങ്ങോളമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു. പ്രകൃതിയെ ആരാധിക്കുന്ന രണ്ടു പ്രധാന മതങ്ങളായ ഷിന്ടോ ,,ബുദ്ധമതങ്ങളുടെ ആരാധനമൂർത്തി കൂടിയാണ് ഈ പർവ്വതം സൂര്യ ഭഗവാനോട് ഏറ്റവും അടുത്തു നിൽക്കുന്നു എന്നതാണ് ഈ പർവ്വതം വിശുദ്ധമാകാൻ കാരണം. ഏകദേശം ഒരു ലക്ഷം വർഷം മുൻപ് ഇവിടെ രൂപപ്പെട്ട അഗ്നിപർവ്വതത്തിൽ നിന്നാണ് ഫുജി പർവ്വതത്തിന്റെ ഉത്ഭവം. പലഘട്ടത്തിൽ ഉണ്ടായ അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറിയിലൂടെ പതിനായിരം വർഷം മുൻപ് ഇപ്പോൾ കാണുന്ന പർവ്വതം രൂപംകൊണ്ടു എന്നാണ് പറയുന്നത് . ഓരോ പൊട്ടിത്തെറി കഴിയുമ്പോഴും പർവ്വതം വളർന്നു കൊണ്ടിരിക്കുന്നു. അവസാനം പൊട്ടിത്തെറിച്ചത് 1707 ൽ ആയിരുന്നു. അതിൽനിന്നും ഒഴുകി വന്ന ലാവകൊണ്ട് രണ്ടു ചെറിയ പർവ്വതങ്ങൾ രൂപപ്പെട്ടത് നമുക്ക് അകലെനിന്ന് നോക്കിയാൽ കാണാം . മഞ്ഞുമൂടി കിടക്കുന്ന ഈ പർവതത്തിന്റെ മുകൾ ഭാഗം കാണുക എന്നത് വളരെ അപൂർവമാണ്. ഞങ്ങൾ ചെന്ന ദിവസം നല്ല കാലാവസ്ഥയായിരുന്നതു കൊണ്ടു മഞ്ഞുമൂടി കിടക്കുന്ന ഐസ് പൊതിഞ്ഞു നിൽക്കുന്ന ഫുജി പർവ്വതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞു.
ഒരു വർഷം രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയിൽ ആളുകൾ ഫുജി പർവ്വതത്തിൽ കയറി അനുഗ്രഹം തേടുന്നുണ്ട് . ഒരുദിവസം മുൻപ് കയറ്റം ആരംഭിച്ചാൽ മുകളിൽ എത്തി രാത്രിയിൽ അവിടെ തങ്ങി രാവിലെ സൂര്യോദയം ദർശിക്കുക എന്നതാണ് സന്ദർശകരുടെ ഉദ്ദേശം . ജപ്പാനിലെ വേനൽകാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് പർവ്വതാരോഹോണം നടത്താൻ അനുവാദമുള്ളൂ. യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായ ഏതൻസിലെ അർക്കപ്പോലീസ് മലപോലെ ജപ്പാന്റെ സാംസ്കാരിക തലസ്ഥാനം കൂടിയാണ് ഈ പർവ്വതം. ഒട്ടേറെ സാഹിത്യകാരന്മാർ ഈ പർവ്വതത്തെ വർണ്ണിച്ചിട്ടുണ്ട്. ജപ്പാന്റെ മധ്യദേശത്തുള്ള ഹോൻഷു ദീപിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത് . ഈ പർവ്വതത്തിനു ചുറ്റും വലിയ നാലു തടാകങ്ങളുണ്ട്. അതിൽ ഏറ്റവും വലിയ തടാകമായ യമനക്ക തടാകത്തിനു അടുത്തു നിന്നാണ് മഞ്ഞണിഞ്ഞു കിടക്കുന്ന ഈ പർവ്വത റാണിയെ ഞങ്ങൾ ദർശിച്ചത്.
നമ്മുടെ ഇടുക്കി പോലെ ജപ്പാൻ നദികളും മലകളുടെയും നാടാണ് . 12955 മലകളും 21000 നദികളും അവിടെയുണ്ട് . മലകളെയും നദികളെയും സംരക്ഷിക്കുന്നതിൽ ജപ്പാൻകാരുടെ ശ്രദ്ധ എത്രമാത്രം ഉണ്ടെന്നു അറിയാൻ ഈ യാത്ര ഉപകരിച്ചു.
പിന്നട് ഞങ്ങൾ പോയത് മറ്റൊരു ദൈവ പുത്രൻ ജീവിക്കുന്ന ടോക്കിയോയിലെ രാജകൊട്ടാരത്തിലേയ്ക്കാണ് ടോക്കിയോ പട്ടണത്തിന്റെ നടുവിൽ വലിയൊരു ഉദ്യാനത്തിന് നടുവിലാണ് രാജകൊട്ടാരം സ്ഥിതിചെയ്യുന്നത് …ആദ്യ ജപ്പാൻ ചക്രവർത്തി ആയിരുന്ന ജിമ്മു സൂര്യഭഗവാന്റെ ദേവതയായ Amaterasu വിൽ നിന്നും ജന്മമെടുത്തു എന്നാണ് വിശ്വാസം. ചക്രവർത്തിയുടെ മതമായ ഷിന്ടോ മതമാണ് ജപ്പാനിലെ ഏറ്റവും വലിയ മതം. അവർ സൂര്യനെയാണ് ആരാധിക്കുന്നത്. 1946 ജപ്പാനിൽ പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ജപ്പാനിലെ സർവ്വാധികാരിയും ഷിന്ടോ മതത്തിന്റെ പ്രധാന വൈദികനും ചക്രവർത്തിയും ആയിരുന്നു.. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജകീയ പരമ്പരയാണ് ജപ്പിനിലേത് എന്നാണ് പറയപ്പെടുന്നത്. 2600 വർഷത്തെ ചരിത്രം ഈ രാജ കുടുംബത്തിനുണ്ട് ബി സി 600 ആദ്യ രാജാവ് ജിമ്മു തുടങ്ങി വച്ച രാജ പരമ്പര ഇന്നും Nuruhito ചക്രവർത്തിയിലൂടെ തുടരുന്നു. ആദ്യ രാജകീയ ആസ്ഥാനം നാറയിൽ ആയിരുന്നു. പിന്നീട് ഷോഗൺ കാലഘട്ടത്തിൽ കൊയോട്ടയിൽ ആയിരുന്നു ആസ്ഥാനം. 1868 ൽ കൊയോട്ടയിൽ വച്ച് രാജാവിനെ അപ്രസക്തമാക്കി ഭരിച്ചിരുന്ന സമുറായികളിൽ നിന്നും രാജാവ് അധികാരം തിരിച്ചു വാങ്ങി. 1869 ൽ ആസ്ഥാനം ടോക്കിയോവിലേക്കു മാറ്റുകയും ടോക്കിയോ ജപ്പാന്റെ തലസ്ഥാനമായി മാറുകയും ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിലേയ്ക്ക് അനാവശ്യമായി ജപ്പാനെ നയിച്ച് 2 .85 മില്യൺ ആളുകളെ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അന്നത്തെ രാജാവ് Hirohito സ്ഥാനത്യാഗം ചെയ്യണമെന്നും ജപ്പാൻ ജനതയോട് ക്ഷമ പറയണമെന്നും ശക്തമായ ആവശ്യം ഉയർന്നിരുന്നു. യുദ്ധത്തിനു ശേഷം അധികാരം ഏറ്റെടുത്ത അമേരിക്ക രാജാവിനെ നിലനിർത്തുകയും പുതിയ ഭരണഘടനയിലൂടെ രാജാവിന്റെ ദൈവിക അധികാരം എടുത്തു മാറ്റുകയും രാജാവ് തന്നെ ഞാൻ ഒരു സാധാരണ മനുഷ്യനാണ് എന്ന് പ്രഖ്യപിക്കുകയും ചെയ്തു തുടർന്ന് രാജാവ് രാജ്യത്തിന്റെ നാമമാത്ര തലവൻ ആയി മാറി. എങ്കിലും ഇന്നും രാജാവിനെയും രാജകീയതയെയും തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായി കാണുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹം ജപ്പാനിൽ ഉണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളോ പത്രങ്ങളോ രാജാവ് നിലനിൽക്കണോ വേണ്ടയോ എന്ന ഒരു ചർച്ചപോലും നടത്താൻ തയാറാകുന്നില്ല എന്നതാണ് വസ്തുത.
ഇപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന Nuruhito ചക്രവർത്തിക്ക് ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്. അതുകൊണ്ടു പിന്തുടർച്ചക്കാർ ഇല്ലാത്തതുകൊണ്ട് ചക്രവർത്തിയുടെ കാലശേഷം ജപ്പാൻ റിപ്പബ്ലിക്ക് ആകും എന്ന് വാദിക്കുന്നവരും ജപ്പാനിൽ ഉണ്ട്. എന്നാൽ ചക്രവർത്തിയുടെ അനുജൻ Fumihito യുടെ മകൻ രാജാവായി ജപ്പാനിൽ രാജഭരണം നിലനിൽക്കും എന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.
Leave a Reply