ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജെയ് സ്ലേറ്റർ കാണാമറയത്ത് ആയിട്ട് 2 ആഴ്ച ആകുന്നു. ബ്രിട്ടനിലെ മുഖ്യധാര മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെയാണ് ജെയ് സ്ലേറ്ററിന്റെ തിരോധാന വാർത്ത പ്രസിദ്ധീകരിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അവധികാലം ആഘോഷിക്കുന്നതിനായാണ് ജെയ് സ്പെയിനിലെ ടെനറൈഫിൽ എത്തിയത്.

എന്നാൽ സംഭവത്തിൻ്റെ ദുരൂഹത ദിനംപ്രതി കൂടിവരികയാണ്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു. അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി.

ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.


ഇതിനിടെ സ്പെയിനിൽ കാണാതായ 19 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിൽ പുതിയ സന്നാഹങ്ങളുമായി പുനരാരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വെള്ളിയാഴ്ച ഗാർഡിയ സിവിൽ സന്നദ്ധ സംഘടനകളോടും പ്രയാസകരമായ സാഹചര്യങ്ങളിൽ വൈദഗ്ധ്യമുള്ള പൊതുജനങ്ങളോടും വടക്കൻ ടെനറൈഫിലേക്ക് തിരച്ചിലിൽ പങ്കെടുക്കാനായി എത്തിച്ചേരാൻ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ മൊബൈലിലെ സിഗ്നലുകൾ അവസാനം കണ്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇവിടേയ്ക്ക് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ മാഡ്രിഡിൽ നിന്ന് എത്തിച്ച് തിരച്ചിൽ നടത്താനാണ് പോലീസ് പദ്ധതി തയ്യാറാക്കുന്നത്. ജെയിയെ കണ്ടെത്താൻ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് സാൻ്റിഗോ ഡെൽ ടെയ്‌ഡിലെ മേയർ എമിലിയോ നവാരോ പറഞ്ഞു. തൻറെ ഫോൺ 1% മാത്രം ബാറ്ററി ബായ്ക് അപ്പ് ഉള്ളുവെന്നും തനിക്ക് വെള്ളത്തിൻറെ ആവശ്യമുണ്ടെന്നും ജെയ് സ്ലേറ്റർ അവസാനമായി തൻറെ കൂട്ടുകാരിക്ക് അയച്ച സന്ദേശമാണ് പോലീസിന് അവന്റെ തിരോധാനത്തെ കുറിച്ചുള്ള അവസാന സൂചന.