ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മിഡ്‌ സ്റ്റാഫോഡ്ഷെയർ ഹോസ്പിറ്റൽ ട്രസ്റ്റിൽ നടന്ന വലിയ അഴിമതികൾ പോലുള്ളവ ഇനിയും ആവർത്തിക്കാതിരിക്കാൻ, എൻഎച്ച്എസിൽ നടക്കുന്ന നിയമവിരുദ്ധതയെയും അതിക്രമങ്ങളെയും സംബന്ധിച്ച് തുറന്നു പറയുവാൻ ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം ആവശ്യമാണെന്ന് ഈ മേഖലയിലെ തന്നെ വിദഗ്ധരിൽ ഒരാൾ ബിബിസി ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദശാബ്ദത്തിലേറെ മുമ്പ് സ്റ്റാഫോർഡ് ഹോസ്പിറ്റലിൽ നൂറുകണക്കിന് രോഗികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയ സർ റോബർട്ട് ഫ്രാൻസിസ് ആണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. എൻ എച്ച് എസിൽ നിലവിൽ നിൽക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് തുറന്നു പറയുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ചിലർ ഇത്തരത്തിലുള്ള തുറന്നുപറച്ചലുകൾക്ക് വലിയ വില നൽകേണ്ടി വരുന്നുണ്ടെന്നും, ഇത് മറ്റുള്ളവരെ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

25,000-ത്തിലധികം എൻഎച്ച്എസ് സ്റ്റാഫുകൾ രോഗികളുടെ സുരക്ഷയെ സംബന്ധിക്കുന്ന പ്രശ്നങ്ങളും തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഭീഷണികൾ സംബന്ധിച്ചും വെളിപ്പെടുത്തി കഴിഞ്ഞ വർഷം മുന്നോട്ടുവന്നിരുന്നു. ഇത് തൊട്ടു മുൻപുള്ള വർഷത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബർമിംഗ്ഹാമിലെ മെയിൻ ഹോസ്പിറ്റൽ ട്രസ്റ്റിലെ മുതിർന്ന നേത്ര ശസ്ത്രക്രിയാ വിദഗ്‌ദ്ധനായ ട്രിസ്റ്റൻ റ്യൂസർ ആശുപത്രിയിലെ നേഴ്‌സിംഗ് സ്റ്റാഫിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഒരു അടിയന്തിര ഓപ്പറേഷനിൽ സഹായിക്കാൻ നോൺ മെഡിക്കൽ സ്റ്റാഫിനെ ഉപയോഗിക്കേണ്ട സാഹചര്യത്തിൽ എത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം അദ്ദേഹം നടത്തിയത്. എന്നാൽ ഇത്തരത്തിൽ മുന്നോട്ടു വന്നതിനെ തുടർന്ന് അദ്ദേഹം സഹിക്കേണ്ടി വന്നത് നിരവധി പ്രതിസന്ധികളാണ്. പ്രശ്നം പരിഹരിക്കുന്നതിന് പകരം മാനേജ്മെന്റ് തനിക്ക് നേരെ തിരിഞ്ഞുവെന്നും, തനിക്കെതിരെ മെഡിക്കൽ കൗൺസിൽ പരാതി നൽകുകയും പിരിച്ചുവിടുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് ട്രൈബ്യൂണൽ അദ്ദേഹത്തെ അന്യായമായി പിരിച്ചുവിട്ടതായി കണ്ടെത്തുകയായിരുന്നു.

ഇത്തരത്തിൽ തുറന്നു സംസാരിക്കുന്ന നിരവധി പേർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ തികച്ചും അസഹനീയമാണ്. അതിനാൽ തന്നെയാണ് ഇത്തരത്തിൽ മുന്നോട്ടുവരുന്നവരെ സംരക്ഷിക്കുവാൻ കൂടുതൽ നടപടികൾ വേണമെന്ന ആവശ്യം നിരവധി പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. ബിബിസി ന്യൂസിനോട് തങ്ങളുടെ അനുഭവകഥകൾ വ്യക്തമാക്കിയ പലരും തങ്ങളുടെ ഐഡന്റിറ്റി മറച്ചുവയ്ക്കുവാനാണ് ആവശ്യപ്പെട്ടതെന്ന് പത്രം റിപ്പോർട്ട് ചെയ്തു.