ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടാഴ്ചയായി കാണാതായ ബ്രിട്ടീഷ് ബാലൻ ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചു. ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നു. 19 വയസ്സുകാരനായ ജെയ് സ്ലേറ്ററിനെ കുറിച്ചുള്ള അവസാന വിവരങ്ങൾ ലഭിക്കുന്നത് ജൂൺ 17 -ന് രാവിലെയാണ്. ഫോണിൽ ബാറ്ററി ചാർജ് തീരാറായതായും തനിക്ക് കുടിവെള്ളം ആവശ്യമുണ്ടെന്നും അവൻ തന്റെ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു.


സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ്‌ സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുമെന്ന് അറിയിച്ചു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്ന് ജെയ് സ്ലേറ്ററിന്റെ സുഹൃത്ത് ബ്രാഡ് ഹാർഗ്രീവിൻ്റെ അമ്മ റേച്ചൽ ഹാർഗ്രീവ്സ് ബിബിസിയോട് പറഞ്ഞു. തിരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും ബ്രിട്ടീഷ് യുവാവിനെ കാണാതായതിൻ്റെ കേസ് അവസാനിപ്പിക്കുകയില്ലെന്ന് പോലീസ് പറഞ്ഞു.

ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.ബ്രിട്ടനിലെ മുഖ്യധാര മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെയാണ് ജെയ് സ്ലേറ്ററിന്റെ തിരോധാന വാർത്ത പ്രസിദ്ധീകരിച്ചത്.