മുംബെെ: ജയ ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍. അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകള്‍ ആരാധ്യയുടെ പരിശോധനഫലം കൂടി ഇനി വരാനുണ്ട് എന്നും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട വീട്ടുജോലിക്കാരുടെയും കോവിഡ് ഫലം നെഗറ്റീവാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു.

ജയ ബച്ചൻ, ഐശ്വര്യ റായ് എന്നിവരു ടെ ആന്റിജൻ പരിശോധനാഫലമാണ് വന്നത്. ആന്റിജൻ പരിശോധനയിൽ ഇരുവർക്കും കോവിഡ് നെഗറ്റീവ് ആണ്. എന്നാൽ, ഇരുവരുടെയും സ്രവപരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും ക്വാറന്റെെനിലാണ്. തങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ കോവിഡ് പരിശോധനാഫലം ഇന്നു ഉച്ചയോടെ ലഭിക്കുമെന്നാണ് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി പറയുന്നത്.

കോവിഡ് സ്ഥിരീകരിച്ച 77കാരനായ അമിതാഭ് ബച്ചനെയും മകനെയും മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചനും അഭിഷേകും തന്നെയാണ്. “എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു…ആശുപത്രിയിലേക്ക് മാറ്റി… ആശുപത്രി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരെ അറിയിക്കുന്നു…കുടുംബവും ജീവനക്കാരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു… കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ദയവായി സ്വയം ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു!” അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്‌തു

തനിക്കും പിതാവിനും കോവിഡ് സ്ഥിരീകരിച്ചതായ് അഭിഷേകും ട്വീറ്റ് ചെയ്തു. അമിതാഭ് ബച്ചൻ രോഗ വിവരം വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇക്കാര്യം വ്യക്തമാക്കി അഭിഷേകും ട്വീറ്റ് ചെയ്തത്. ‘ഇന്ന്‌ എനിക്കും അച്ഛനും കോവിഡ് 19-ന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങൾ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട അധികാരികളെ എല്ലാം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും ടെസ്റ്റ്‌ ചെയ്തിട്ടുണ്ട്. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി,’ അഭിഷേക് ട്വീറ്റ് ചെയ്‌തു.