ഷെറിൻ പി യോഹന്നാൻ

പറഞ്ഞു പറഞ്ഞു മടുത്ത, എന്നാൽ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത വിഷയമാണ് ജയയുടെ ജീവിതകഥ. പക്ഷേ, കഥപറച്ചിൽ രീതിയിലും ട്രീറ്റ്മെ​ന്റിലും കൊണ്ടുവന്ന വ്യത്യസ്തതയാണ് ചിത്രത്തെ ജനപ്രീയമാക്കുന്നത്. ചേട്ടൻ ഇട്ടുപഴകിയ ടി ഷർട്ട്, ചേട്ടൻ പഠിച്ചു പഴകിയ പാഠപുസ്തകം, കളിയ്ക്കാൻ ചേട്ട​ന്റെ കളിപ്പാട്ടം.. ഒന്നും തന്റേതല്ലാത്ത അവസ്ഥയിലൂടെയാണ് ജയ നീങ്ങുന്നത്. പഠനവും വിവാഹവുമെല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് തന്നെ. ഒടുവിൽ കലുഷിതമായ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന അതേ വീട്ടുകാർ ചോദിക്കുന്നത് ഇങ്ങനെയാണ്.. “നിനക്ക് എന്തി​ന്റെ കുറവാണ്. നി​ന്റെ ഇഷ്ടത്തിനല്ലേ നിന്നെ ഞങ്ങൾ ഇതുവരെ വളർത്തിയതെന്ന്..!”

പുരുഷകേന്ദ്രീകൃതമായ സാമൂഹിക, കുടുംബ വ്യവസ്ഥയുടെ നെഞ്ചിലേക്കുള്ള ചവിട്ടാണ് ജയ ജയ ജയ ജയ ഹേ. എന്നാൽ അത് മാത്രമല്ല. ടോക്സിക് ആയ പേരന്റിം​ഗിനെയും മതത്തെയും ചിത്രം പ്രശ്നവത്കരിക്കുന്നു. രാജ്ഭവനിലേക്കുള്ള ജയയുടെ വരവ് മുതലാണ് കോൺഫ്ലിക്ടുകളുടെ തുടക്കമെന്ന് പ്രേക്ഷകന് നേരത്തെ മനസ്സിലാകും. എന്നാൽ ജയ സ്വന്തം ജീവിതത്തിൽ ജനനം തൊട്ടേ കോൺഫ്ലിക്ടുകൾ നേരിടുന്നവളാണ്. അതിനെ സധൈര്യം നേരിടാനുള്ള കരുത്ത് രാജ്ഭവനിലെ ‘ഇടിയപ്പ’ത്തിലൂടെ അവൾക്ക് ലഭിക്കുന്നുവെന്ന് മാത്രം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹമെന്നാൽ ജീവിതപങ്കാളിയെ തല്ലാനുള്ള അവകാശം കൂടിയാണെന്ന ധാരണയുള്ളവർക്കുള്ള ‘കിക്ക്’ ഷൈജു ​ദാമോദര​ന്റെ കമ​ന്ററിയിൽ നിന്ന് ലഭിക്കും. അത്തരക്കാർ തിയേറ്ററിലിരുന്ന് ചിരിക്കാൻ അല്പം പാടുപെടും. ആണഹന്തയുടെ പര്യായമാകുന്ന രാജേഷ് കോമഡി കഥാപാത്രമല്ല. പൊതുവേയുള്ള പുരുഷസ്വഭാവത്തി​ന്റെ ആകെതുകയാണ് രാജേഷിലും. അമ്മയെക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും ജയയെ മനസിലാക്കാൻ കഴിയുന്ന നാത്തൂനും കുറ്റബോധത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സഹോ​ദരനും ജയയുടെ ജീവിതത്തിൽ കൃത്യമായ പങ്ക് വഹിക്കുന്നു.

കഥാപാത്രനിർമിതി, കഥപറച്ചിൽ രീതി, ക്ലോസ്-അപ്പ് ദൃശ്യങ്ങൾ എന്നിവയെല്ലാം ചിത്രത്തിനുതകുന്ന രീതിയിലുള്ളതാണ്. ദർശനയുടെ ​ഗംഭീര പ്രകടനം ജയ എന്ന കഥാപാത്രത്തെ ശക്തമാക്കുന്നു. ജയയുടെ പരിണാമം മുതലങ്ങോട്ട് കാണികളിൽ ചിരി നിറയ്ക്കുന്നതിൽ വിപിൻ ദാസ് വിജയിച്ചിട്ടുണ്ട്. ബേസിൽ ഉൾപ്പെടെ മറ്റെല്ലാ താരങ്ങളും പ്രകടനത്തിൽ മികച്ചുനിൽക്കുന്നു. പശ്ചാത്തലസം​ഗീത മികവ് ചിത്രത്തെ കൂടുതൽ എൻഗേജിങാക്കുന്നുണ്ട്. “ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ..” എന്ന ​ഗാനത്തിലുണ്ട് സിനിമ പകരുന്ന സന്ദേശം. ചിത്രത്തി​ന്റെ ഫൈനൽ ആക്ട് നേരത്തെ ഊഹിക്കാൻ കഴിയുന്നതാണ്.

✨️Bottom Line – ജീവിതയാഥാർത്ഥ്യത്തെ അക്ഷേപഹാസ്യത്തിന്റെ കൂട്ടുപിടിച്ച് രസകരമായി പറയുകയാണ് വിപിൻ ദാസ്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ഈ സറ്റയർ ദൃശ്യമാണ്. ഗാർഹികപീഢനത്തിൽ തുടങ്ങി, സ്ത്രീകൾ സ്വന്തമായി ആർജിക്കേണ്ട കായികക്ഷമതയെയും കരുത്തിനെപറ്റിയും പറയുന്നുണ്ട് ജയ. ജയയുടെ ജയവും ജീവിതവും ഒട്ടുമിക്ക പേർക്കും റിലേറ്റബിളാണ് ഹേ!