തമിഴ്‌നാട്ടിൽ ഷൂട്ടിങ് നടക്കുകയായിരുന്ന മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ മൂന്നിന്റെ ഷൂട്ടിങ് നിർത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പരിപാടിയുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

തമിഴ്‌നാട് ആരോഗ്യ വകുപ്പും പോലീസും ഷൂട്ടിങ് സെറ്റിലെത്തി പരിശോധന നടത്തിയെന്നും മത്സരാർത്ഥികളായി ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ വകുപ്പ് ബിഗ് ബോസ് സീസൺ ത്രീയുടെ സെറ്റ് സീൽ ചെയ്തു എന്ന് കഴിഞ്ഞ ദിവസങ്ങളിലായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഷോ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

തമിഴ്‌നാട്ടിൽ ലോക്ഡൗൺ രണ്ടാഴ്ചത്തേക്കും കൂടി നീട്ടിയ സാഹചര്യത്തിൽ റിയാലിറ്റി ഷോയുടെ ഷൂട്ടിങ് നിർത്താവെക്കാൻ തമിഴ്‌നാട് സർക്കാർ അറിയിക്കുകയായിരുന്നു എന്ന് ഇക്കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി ഏഷ്യനെറ്റ് അറിയിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിൽ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൂന്നാം സീസണിന്റെ ഷൂട്ടിങ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകരും പ്രതികരിച്ചു. നിലവിലെ പ്രതിസന്ധി മാറിയാൽ ഉടൻ തന്നെ റിയാലിറ്റി ഷോയുടെ ഷൂട്ടി പുനഃരാരംഭിക്കുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ നൽകുന്ന വിവരം.

ഇതിനിടെ, റിയാലിറ്റി ഷോയുടെ അണിയറ പ്രവർത്തികരിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ നടത്തുന്ന ഷൂട്ടിങ് നിർത്തിവെക്കാൻ തമിഴ്‌നാട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.

സൂപ്പർ താരം മോഹൻലാൽ അവതാരകനായി എത്തുന്ന ഈ റിയാലിറ്റി ഷോ നിലവിൽ 92 ദിവസം ഇതിനോടകം പിന്നിട്ടു. ഈ വർഷം ഫെബ്രുവരി 14ന് 14 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ നിലവിൽ എട്ട് പേരാണ് ഉള്ളത്. കോവിഡ് ലോക്ക്ഡൗണിനെയും തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ 2 ഷോ റദ്ദാക്കിയിരുന്നു.