ഷിബു മാത്യൂ
പ്രസ്റ്റൺ. പ്രസ്റ്റണിൽ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ നോബിയ്ക്ക് മെയ് 28 തിങ്കളാഴ്ച യുകെ മലയാളികൾ അന്തിമോപചാരമർപ്പിക്കും. പ്രസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് രൂപതാ റെക്ടർ റവ. ഫാ. വർഗീസ് പുത്തൻപുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും , പരേതയുടെ ആത്മ ശാന്തിക്കായുള്ള പ്രത്യേക പ്രാർത്ഥന ശുശ്രൂഷകളും നടക്കും. തുടർന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദർശനത്തിന് വെയ്ക്കും. ബന്ധുക്കളും , സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിയ്ക്കും.
ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്തു അറക്കുളത്ത് കുപ്പോടയ്ക്കൽ കുടുംബാംഗമായ നോബി ജോസഫിന്റെ ഭാര്യയാണ് പരേതയായ ജയ. നാൽപ്പത്തിയേഴ് വയസ്സ് പ്രായമുണ്ട്. ഈരാറ്റുപേട്ടക്കടുത്തുള്ള കളത്തുക്കടവാണ് ജയയുടെ ജന്മദേശം. വലിയ മംഗലം കുടുംബാംഗമാണ്. 2003ലാണ് ജയയും കുടുംബവും യുകെയിലെത്തിയത്. പ്രസ്റ്റണിലെ റോയൽ പ്രസ്റ്റൺ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി നോക്കി വരികയായിരുന്നു. രണ്ട് മക്കളാണിവർക്കുള്ളത്. മൂത്ത മകൾ നിമിഷ നോബി (16 വയസ്സ്) ലെങ്കാസ്റ്റർ ഗേൾസ് ഗ്രാമർ സ്ക്കൂളിൽ GCSE വിദ്യാർത്ഥിനിയാണ്. നിമിഷയുടെ സഹോദരൻ നോയൽ നോബി (10 വയസ്സ് ) സെന്റ് ഗ്രിഗൊറിസ് കാത്തലിക് പ്രൈമറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൂന്നു വർഷമായി ജയ ക്യാൻസറിന്റെ പിടിയിലായിരുന്നുവെങ്കിലും അടുത്തകാലത്ത് രോഗം ഭേദമായിവന്ന അവസ്ഥയിൽ എത്തിയിരുന്നു . അതിനു ശേഷം സെന്റ് കാത്തറിന്‍സ് ഹോസ്പിസിന്‍റെ പ്രതേക പരിചരണത്തിൽ ആയിരുന്നു .
പ്രാർത്ഥനാശുശ്രൂഷകൾക്കും പൊതു ദർശനത്തിനും ശേഷം നടപടികൾ പൂർത്തിയാക്കി അടുത്ത ആഴ്ച്ച അവസാനത്തോടെ മൃതദേഹം നാട്ടിൽ എത്തിക്കും. അറക്കുളം സെന്റ് തോമസ്സ് ഓൾഡ് ചർച്ചിൽ ശവസംസ്കാര ചടങ്ങുകൾ നടക്കും. സംസ്കാര ചടങ്ങുകളുടെ തീയതിയും സമയക്രമവും മൃതദേഹം നാട്ടിലേയ്ക്ക് അയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷമേ തീരുമാനിക്കുകയുള്ളുവെന്ന് ബന്ധുക്കൾ അറിയ്ച്ചു.
Leave a Reply