മോഹൻദാസ്
1980 നവംബർ 16. ഞായർ.
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ദീപം ’ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസം . പ്രദർശനത്തിനിടെ
തീയേറ്ററിൽൽ പ്രൊജക്റ്റർ നിശ്ചലമായി. ആളുകൾ ബഹളമുണ്ടാക്കിത്തുടങ്ങി . അപ്പോൾ
വെള്ളിത്തിരയിൽ ഒരു സ്ലൈഡ് പ്രത്യക്ഷപ്പെട്ടു . ‘മദിരാശിയിൽ ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തിൽ നടൻ ജയൻ മരിച്ചു .’ തിയേറ്ററിൽ നിന്നു നിലവിളികളുയർന്നു….
ജയനെക്കുറിച്ച് മറക്കാനാവാത്ത ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകളില്‍ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു….
‘’ഇപ്പോൾ തന്നെ ഡബ്ബിംഗ് ചെയ്യണം, പിന്നെ എന്നെ കിട്ടൂല്ല.’’
ജയന്‍റെ ഈ സംഭാഷണം ഇന്നും സത്യന്‍ അന്തിക്കാടിന്‍റെ കാതുകളില്‍ മുഴങ്ങുന്നു.
ജയൻ അവസാന നാളുകളിൽ അഭിനയിച്ച ദീപം, തടവറ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പി ചന്ദ്രകുമാറിന്‍റെ സഹസംവിധായകനായിരുന്നു ഇന്നത്തെ പ്രശസ്ത സംവിധായകനായ സത്യന്‍ അന്തിക്കാട്.
“തടവറ കഴിഞ്ഞ് അധികം വൈകാതെ ജയൻ ഐ വി ശശിയുടെ തുഷാരത്തിന്‍റെ ഷൂട്ടിന് പോകേണ്ടതായിരുന്നു. എല്ലാ ദിവസവും ലാൻഡ് ഫോണിൽ വിളിച്ച് തന്‍റെ ഡബ്ബിംഗ് ഉടൻ തീര്‍ക്കണമെന്ന് ജയന്‍ നിർബന്ധിക്കുന്നത് ഞാൻ ഓർക്കുന്നു.
എഡിറ്റിംഗ് തീരാത്തതിനാൽ ഡബ്ബിംഗിന് സമയമായിട്ടില്ല. പക്ഷേ, ‘ഇപ്പോൾ തന്നെ ഡബ്ബിംഗ് ചെയ്യണം, പിന്നെ എന്നെ കിട്ടൂല്ല’ എന്ന് ജയൻ പറഞ്ഞു, ഒരു മുൻകരുതൽ പോലെ. അതിനാൽ ഞങ്ങൾ ഡബ്ബിംഗ് സ്റ്റുഡിയോ ബുക്ക് ചെയ്യുകയും ജയന്‍റെ ഭാഗങ്ങൾ മാത്രം മുൻകൂട്ടി റെക്കോർഡ് ചെയ്യുകയും ചെയ്തു.”
സത്യൻ അന്തിക്കാട് ഓര്‍ക്കുന്നു…..
ഐ.വി. ശശി – ടി ദാമോദരന്‍ കൂട്ടുകെട്ടിലെ ജയൻ നായകനാകേണ്ടിയിരുന്ന തുഷാരം എന്ന ചിത്രത്തെക്കുറിച്ച് ടി ദാമോദരന്‍റെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ ഓർമ്മിക്കുന്നു.
“ജയനെ നായകനാക്കി ഷൂട്ടിംഗ് ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ആ വാര്‍ത്ത വന്നത്. ആ വാർത്ത ഞങ്ങളെയെല്ലാം വല്ലാതെ ഞെട്ടിച്ചു. ജയൻ അടുത്ത കുടുംബ സുഹൃത്തായിരുന്നു. നടൻ രതീഷ് പിന്നീട് തുഷാരത്തിലെ വേഷം ഏറ്റെടുത്തു.
സാഹസികതയും പൗരുഷവും നിറഞ്ഞ അനേകം കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് വിസ്മയം തീർത്ത നടൻ ജയൻ ഓര്‍മ്മയായിട്ട് ഈ നവംബറില്‍ നാൽപത്തിമൂന്നു വര്‍ഷങ്ങള്‍ തികയുന്നു. 1939 ജൂലെെ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലായിരുന്നു കൃഷ്ണൻ നായർ എന്ന ജയന്‍റെ ജനനം. ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1974 ൽ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. പിന്നീട് 150ലേറെ സിനിമകളില്‍ അഭിനയിച്ചു.
1980 നവംബർ 16 മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. അന്നാണ് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്‌റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞത്.
നടനായ ജോസ് പ്രകാശിന്‍റെ മകൻ രാജൻ ജോസഫുമായുള്ള സൗഹൃദവും ജോസ് പ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള ഡ്രൈ ക്ലീനിങ് സെന്‍ററില്‍ൽ വരുന്ന സിനിമാക്കാരുമായി രുന്നു ജയന്റെ പ്രതീക്ഷ. ജോസ്പ്രകാശ് കുടുംബവുമായുള്ള സൗഹൃദത്തിലൂടെയാണ് 1974-ൽ ജേസിയുടെ ‘ശാപമോക്ഷം ’ എന്ന സി നി മയിലെത്തുന്നത്. കൃഷ്ണൻ നായരെന്ന പേര് മാറ്റി ‘ജയൻ’ എന്നാക്കിയതും ജോസ് പ്രകാശാണ്.
ശാപമോക്ഷത്തിനു ശേഷം നിരവധി ചെറിയ വേഷങ്ങൾ ലഭിച്ചു. അഭിനയത്തിലെ തന്‍റേതായ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. പഞ്ചമി എന്ന ഹരിഹരന്‍ സിനിമയിൽ ക്രൂരനായ ഫോറസ്റ്റ് ഓഫീസറായി എത്തിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്‍റെ കരുത്തും വഴക്കവും അഭിനയത്തിനു മുതൽക്കൂട്ടായി. ജയന്‍ ജീവന്‍ കൊടുത്ത കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം സ്വീകരിച്ചു.
ജയനിലെ ശരീര ഭാവങ്ങളെ ആഘോഷമാക്കിയ ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് ജയന്‍ നായകനായെത്തിയ ആദ്യചിത്രം. കരിമ്പന, അങ്ങാടി, ബേബി, ലൗ ഇന്‍ സിംഗപ്പൂര്‍, സര്‍പ്പം, ശരപഞ്ജരം, കഴുകന്‍, മീന്‍, കാന്തവലയം, നായാട്ട്, തുടങ്ങിയ സിനിമകളിൽ റൊമാന്‍റിക് ഹീറോയായും ആക്ഷൻ ഹീറോയായും അദ്ദേഹം തിളങ്ങി.
മലയാളിയുടെ മനസ്സിലെ നായക സങ്കല്‍പ്പങ്ങളെ ജയന്‍ പൊളിച്ചെഴുതുകയായിരുന്നു.
മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളെ അടിമുടി തിരുത്തിയെഴുതിക്കൊണ്ടായിരുന്നു ജയന്‍റെ പ്രവേശം. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന പദവി ജയന്‍ സ്വന്തമാക്കി. നായകനായുളള ജയന്‍റെ വളര്‍ച്ച പെട്ടെന്നായിരുന്നു. പെട്ടെന്നായിരുന്നു മരണവും.
അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം.അങ്ങാടിയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ലോഡിങ് തൊഴിലാളിയെ കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ മാറ്റിക്കുറിച്ചു.
മറ്റ് നടന്മാർ ഫൈറ്റ് സീനുകൾക്ക് വേണ്ടി ഡ്യൂപ്പുകളെ ഉപപയോഗിച്ചപ്പോൾ ജയൻ ആ വേഷങ്ങള്‍ സാഹസികതയോടെ സ്വയം ചെയ്തു. ഒടുവിൽ അതിരുകടന്ന സാഹസികത ജയന്‍റെ ജീവനെടുക്കുകയായിരുന്നു.
കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം അകാലത്തിൽ പൊളിഞ്ഞത്. ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു.
ശാപമോക്ഷ’ത്തിൽ ഉദി ച്ച് ‘കോളിളക്ക’ത്തിൽ അസ്തമിച്ചുപോയ അതുല്യനടൻ. എങ്കി ലും കൊല്ലം ജില്ലയിലെ ഓലയിൽ ഗ്രാമത്തിൽ ഇപ്പോഴും ജയന്‍റെ ഓർമകൾക്ക് നാട്ടുപുലരിയുടെ തെളിച്ചം.
അഭ്രപാളികളിൽ മിന്നൽ പിണറിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു ഏങ്കിലും ജനങ്ങളുടെ മനസ്സിൽ ഒരിക്കലും മായാത്ത ഇടം നേടിയാണ് അദ്ദേഹം കടന്നു പോയത്. അദ്ദേഹം മരിക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത 40 വയസിനു താഴോട്ടുള്ളവരുടെ മനസിലും കേടാവിളക്കായി ഇന്നും അദ്ദേഹം പ്രകാശിക്കുന്നു.
അമ്മയുടെ പ്രിയപ്പെട്ട ജയന്‍ …..
ജയന്‍റെ ബാല്യം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അച്ചന്‍റെ മരണശേഷം പശുവിനെ വളർത്തിയും മറ്റുമാണ് അമ്മ മക്കളെ വളർത്തിയത്. പശുവിനെ വളർത്തുന്നതിൽ അമ്മയ്ക്ക് മറ്റൊ രു ഉദ്ദേശവുമുണ്ടായിരുന്നു . മക്കൾക്ക് പാലും വെണ്ണയും കൊടുക്കുക. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോ ൾ അമ്മ ജയനോടു പറയും ; ‘നീ ഹൈസ്കൂൾ ജംക്ഷൻ വരെ ഓടിയിട്ടു വാ …’ ഓടി വരുമ്പോൾ അമ്മ വെണ്ണ കൊടുക്കും .
‘‘അമ്മയും മകനും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു . വല്ലപ്പോഴുമേ അമ്മയെ കാണാൻ വരുമായിരുന്നുള്ളൂ . അതിന് അമ്മ ദേഷ്യപ്പെ ടും . എന്നാലും ചിരിച്ച മുഖത്തോടെ അമ്മയുടെ പരിഭവങ്ങൾ കേട്ടുനിൽക്കും . അമ്മയുണ്ടാക്കുന്ന വിഭവങ്ങളൊക്കെ വലിയ ഇഷ്ടമായിരുന്നു . പ്രത്യേകിച്ചും
കൊഞ്ചു തീയൽ. വീട്ടിൽ വന്നു പോകുമ്പോൾ വലിയ കുപ്പികളിൽ അമ്മ തീയലുണ്ടാക്കി കൊടുത്തയയ്ക്കും .
ജയന്‍റെ അനുജൻ സോമൻ നായരുടെ മകനും നടനുമായ ആദിത്യന്‍റെ വാക്കുകൾ. വല്യച്ഛന്‍റെ വഴിയിലൂടെ അഭിനയത്തിലേക്കു വന്ന ഒരേയൊരാൾ ആദിത്യൻ മാത്രമാണ്.
മോഹൻദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു.
ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.
Leave a Reply