ജയന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് പകരം മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമായിരുന്നു സ്ഫോടനം.
1981ല്‍ റിലീസ് ചെയ്ത പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത സിനിമയില്‍ തങ്കപ്പന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ജയന് വേണ്ടി എഴുതിവച്ച റോളായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. അതേസമയം ആ ചിത്രത്തിലേക്ക് മമ്മൂട്ടി ആ എത്തിയതിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ചന്ദ്രന് പനങ്ങോട് ഒരിക്കല്‍ മനസ് തുറന്നിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
സ്ഫോടനം എന്ന വലിയ സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ഹീറോ ആയിട്ട് ജയന് ചേട്ടനെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ വച്ചായിരുന്നു ആ സിനിമ ഉണ്ടാക്കിയത്.
അന്നത്തെ അദ്ദേഹത്തിന്റെ വീരകൃത്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള സിനിമ. അന്ന് ജയന് ചേട്ടന് ചെയ്യുന്നതിനെല്ലാം കൈയടിയാണ്.
അങ്ങനെ ഷൂട്ടിംഗിനായി ആലപ്പുഴ ഉദയ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്. അവിടെയേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുളളൂ.
അങ്ങനെ മദ്രാസിലെത്തി നായികയും നിര്‍മാതാവുമായ ഷീലാമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ ഷൂട്ടിംഗ് ഡേറ്റ് ഒകെ തീരുമാനിച്ചു. ഷൂട്ടിംഗ് ഡേറ്റ് അടുത്ത സമയത്താണ് ജയന് ചേട്ടന് മരിക്കുന്നത്.
കോളിളക്കം കഴിഞ്ഞ് അദ്ദേഹത്തിന്റേതായി വരേണ്ട പടം ഇതായിരുന്നു. ഇനി എന്ത് ചെയ്യും, ആരെ വച്ച് ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു ഞങ്ങള്‍.
കാരണം ഉദയ സ്റ്റുഡിയോയ്ക്കകത്ത് മൊത്തം സെറ്റിട്ടിരിക്കുകയായിരുന്നു. ഇനി എപ്പോ ചെയ്യാമെന്ന് അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ആലോചിച്ചു.
അപ്പോ ബാബു സാറാണ് പറഞ്ഞത് മേളയില്‍ അഭിനയിച്ചൊരു ആളുണ്ടല്ലോ എന്ന്. എറണാകുളത്തുകാരനാണ്, അഡ്വേക്കേറ്റാണ്.
കുഴപ്പമില്ലാന്ന് തോന്നുന്നു. ഉടനെ പി.ജി. വിശ്വംഭരന് സാര്‍ പറഞ്ഞു പുളളിയെ വിളിക്ക്, ആളെ കാണട്ടെ എന്ന് പറഞ്ഞു.
അന്ന് മമ്മൂട്ടി അത്ര സെലിബ്രിറ്റിയായിട്ടില്ല. കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും ഹീറോയിസമുളള പടങ്ങളില്‍ വന്നിരുന്നില്ല.
മമ്മൂക്കയുടെ കട്ട ഹീറോയിസം സ്ഫോടനം എന്ന ചിത്രത്തിലാണ് വരുന്നത്. കാരണം ജയന് ചേട്ടന് വന്നു ചെയ്യുന്ന വേഷമാണ് ഇദ്ദേഹം ചെയ്യുന്നത്. അത് ചെയ്തു.
ജയന് ചേട്ടനെ പോലെ ഞങ്ങള്‍ ഉദ്ദേശിച്ച രൂപമല്ലായിരുന്നു മമ്മൂക്കയുടേത്. എന്നാലും അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ലയിച്ചുചേര്‍ന്നു.
എല്ലാവര്‍ക്കുമൊരു ഇഷ്ടമുളള താരമായിരുന്നു ജയന് ചേട്ടന്. പിന്നെ ഇത് ഉള്‍ക്കൊണ്ടല്ലെ പറ്റൂളളൂ എന്ന രീതിയില്‍ എല്ലാവരും അങ്ങ് ഉള്‍ക്കൊണ്ടു.
നായകന് മാറിയപ്പോ സിനിമ വിജയിക്കുമോ എന്ന കാര്യത്തില്‍ കണ്ഫ്യൂഷന് ഒന്നും ഉണ്ടായിരുന്നില്ല. പുളളി ചെയ്യുമെന്ന് അറിയാം.
ഷൂട്ട് ചെയ്ത മമ്മൂക്കയുടെ രംഗങ്ങള്‍ കണ്ടപ്പോഴെല്ലാം വലിയ പ്രശ്നങ്ങളില്ലെന്ന് എല്ലാവര്ക്കും തോന്നി. അങ്ങനെ ആ സിനിമ പൂര്‍ത്തികരിക്കുകയാണ് ചെയ്തത്-ചന്ദ്രന് പനങ്ങോട് പറഞ്ഞു.
Leave a Reply