പൈലറ്റാകണമെന്ന തന്റെ സ്വപ്നം സാക്ഷത്കരിക്കുന്ന ജെനി ജെറൊമോന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയാണ്. തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്.
അഭിനന്ദന കുറിപ്പ് വായിക്കാം
നമ്മുടെ ജെറോം ജോറിസ് (കൊച്ച് തുറ, കരുംകുളം ഗ്രാമപഞ്ചായത്ത്) ചേട്ടന്റെ മകൾ ജെനി ജെറൊം പൈലറ്റായി. ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ commercial pilot ആയിരിക്കണം ജെനി. ജെനിയുടെ കോപൈലറ്റായുള്ള ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്.
താരതമ്യേന സ്ത്രീ സൗഹാർദ്ദപരമായ ഒരു തീരദേശ സമൂഹത്തിൽ നിന്നും പെൺകുട്ടികൾ ചിറക് വിരിച്ച് പറക്കേണ്ടതും സ്വപ്നങ്ങൾ നെയ്യേണ്ടതും സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. പറക്കണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ജെനിക്ക് ആദരവോടെ എല്ലാവിധ ആശംസകളും നേരുന്നു. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തെ കരുതലോടെ വളർത്തിയെടുത്ത ജെറോം എന്ന അച്ഛനും കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, “എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?” എന്ന മോഹം ഉദിക്കുന്നത്. അവൾ ആ ആഗ്രഹം കൊണ്ട് നടന്നു. സ്വന്തം നിലയിൽ തന്റേതായ ചില ഗവേഷണങ്ങൾ നടത്തുന്നുണ്ടായിരിന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തീർത്തു പറഞ്ഞു, “എനിക്ക് പൈലറ്റാകണം; അല്ല, ഞാൻ പൈലറ്റ് തന്നെയാകും.”
സാധാരണയുള്ള മറുപടി എന്തായിരിക്കും, “നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?”. അത് അവളെ നിരുത്സാഹപ്പെടുത്തിയില്ല. അവൾ മുന്നോട്ട് തന്നെ. സ്വന്തം ചേട്ടൻ “degree കഴിഞ്ഞിട്ട് ആലോചിച്ചാൽ പോരേ?” എന്ന് ചോദിച്ചെങ്കിലും. ഷാർജ Alpha Aviation Academy-യിൽ selection കിട്ടി, അവിടെ ചേർന്നു.
പരിശീലനത്തിനിടക്ക് രണ്ട് വർഷം മുൻപ് ഒരപകടം പറ്റിയിരിന്നു. പക്ഷെ ജെനിക്ക് ഒന്നും സംഭവിച്ചില്ല, ജെനിയുടെ സ്വപ്നത്തിനും. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള *എയർ അറേബ്യ (G9-449-10.50 pm) ഫ്ലൈറ്റിന്റെ കോ-പൈലറ്റ്* ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു.
Leave a Reply