ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : യുഎസ് സംരംഭകയും നിർമാതാവും സൈബർ സുരക്ഷ വിദഗ്ധയുമായ ജെന്നിഫർ അർക്കൂരിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും തമ്മിൽ അടുപ്പം പുലർത്തിയിരുന്നോ എന്ന വിഷയത്തിൽ വിവാദം ഉയരുകയാണ്. ജോൺസന്റെ അടുത്ത സുഹൃത്തായും ഇവർ അറിയപ്പെടുന്നു. സൺ‌ഡേ ടൈംസിലാണ് ഈ കഥ ആദ്യമായി പുറത്തുവന്നത്, ടെക്നോളജി സംരംഭകയായ ജെന്നിഫർ ആർക്കൂരി, ജോൺസന്റെ നേതൃത്വത്തിലുള്ള ട്രേഡ് മിഷനുകളിൽ ചേർന്നതായും ആയിരക്കണക്കിന് പൗണ്ട് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചതായും ജോൺസനുമായുള്ള സൗഹൃദം വഴി അവർക്ക് നേട്ടങ്ങളുണ്ടായെന്നും പത്രം അവകാശപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ജോൺസൻ തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നും തന്റെ നേട്ടങ്ങളിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ലെന്നും ജെന്നിഫർ ഐടിവിയുടെ പ്രഭാതപരിപാടിയിൽ പറഞ്ഞു. ലണ്ടൻ മേയറായിരുന്നപ്പോൾ ജോൺസനുമായി ഉറ്റബന്ധമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകാൻ അവർ വിസമ്മതിച്ചു. ബോറിസ് വീട്ടിലും ഓഫീസിലും തന്നെ സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും താൻ അദ്ദേഹത്തോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും ജെന്നിഫർ വെളിപ്പെടുത്തി. തന്റെ കമ്പനിക്ക് ഒരു ലക്ഷം പൗണ്ട് ലഭിച്ചതിനു പിന്നിൽ ജോൺസന് പങ്കില്ലെന്ന് ജെന്നിഫർ തുറന്നുപറഞ്ഞു.

താൻ ഒരു നിയമങ്ങളും ലംഘിച്ചിട്ടില്ലെന്നും എല്ലാം കൃത്യമായി തന്നെയാണ് ചെയ്യുന്നതെന്നും ജോൺസൻ മറുപടിയായി പറഞ്ഞു. നിലവിലെ ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അതോടൊപ്പം ഗ്രേറ്റർ ലണ്ടൻ അതോറിറ്റിയുടെ മേൽനോട്ട സമിതി, ജെന്നിഫറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിശദീകരിക്കാൻ ജോൺസന് 14 ദിവസത്തെ സമയം നൽകി. 2008 നും 2016 നുമിടയിൽ മേയറായി സേവനമനുഷ്ഠിച്ച ജോൺസന് അവരുടെ സൗഹൃദം പ്രഖ്യാപിക്കാൻ കടമയുണ്ടെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ചാൻസലർ ജോൺ മക്ഡൊണെൽ അഭിപ്രായപ്പെട്ടു.