ന്യൂഡല്‍ഹി: കേന്ദ്ര പ്രവാസി കാര്യമന്ത്രാലയം വിദേശമന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വകുപ്പുകളുടെ എണ്ണം കുറച്ച് ഭരണകാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് രണ്ടു വകുപ്പുകളും ലയിപ്പിക്കുന്നതെന്നാണ് വിശദീകരണം.വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതായും മന്ത്രി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
പ്രവാസി മന്ത്രാലയത്തിന്റെ ചുമതലയിലുള്ള എല്ലാ കാര്യങ്ങളും വിദേശകാര്യമന്ത്രാലയം മുഖേന ചെയ്യാവുന്നതേയുള്ളൂ. ഇതാണ് മന്ത്രി എന്ന നിലയില്‍ തന്റെ അനുഭവം., ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയങ്ങള്‍ തമ്മില്‍ ലയിപ്പിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചതെന്ന് മന്ത്രി ട്വിറ്ററില്‍ പറഞ്ഞു. നിര്‍ദേശത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതോടെ പ്രവാസികാര്യമന്ത്രാലയം വിദേശമന്ത്രാലയത്തിന്റെ ഭാഗമായെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2004ലാണ് മന്ത്രാലയം രൂപീകരിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ വയലാര്‍ രവിക്കായിരുന്നു മന്ത്രാലയത്തിന്റെ ചുമതല. തീരുമാനം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പ്രവാസികളെ സാരമായി ബാധിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.