ഭരണപക്ഷത്തെയും പ്രധാനമന്ത്രി തെരേസ മേയെയും ഒട്ടുമിക്ക കാര്യങ്ങളിലും സൂചിമുനയില്‍ നിര്‍ത്തുന്ന ലേബര്‍ നേതാവും പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിന്‍ പുതിയ ചാലഞ്ചുമായി രംഗത്ത്. തന്റെ നികുതി റിട്ടേണ്‍ വെളിപ്പെടുത്തിക്കൊണ്ട് അതേ കാര്യം തെരേസ മേയും ആവര്‍ത്തിക്കാനാണ് കോര്‍ബിന്റെ ചാലഞ്ച്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനെയും കോര്‍ബിന്‍ വെല്ലുവിളിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് കോര്‍ബിന്‍ നികുതി വിവരങ്ങള്‍ പുറത്തു വിടുന്നത്. 2017-18 വര്‍ഷത്തില്‍ 132,611 പൗണ്ടാണ് ലേബര്‍ നേതാവിന്റെ വരുമാനം. ഇതിന് വരുമാന നികുതിയായ 46,074.90 പൗണ്ട് അദ്ദേഹം അടക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നേരത്തേയുണ്ടായിരുന്ന 6442.90 പൗണ്ടിന്റെ കുടിശിഖയും ഉള്‍പ്പെടുന്നു. കണക്കുകൂട്ടലില്‍ വന്ന പിഴവിനെത്തുടര്‍ന്നാണ് ഇതുണ്ടായതെന്നാണ് കോര്‍ബിന്‍ വിശദീകരിക്കുന്നത്.
എംപി എന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലുമുള്ള ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വരുമാനം. പ്രതിഫലം ലഭിക്കുന്ന മറ്റ് സ്ഥാനങ്ങളൊന്നും താന്‍ വഹിക്കുന്നില്ലെന്നും സ്‌റ്റോക്കുകള്‍, ഷെയറുകള്‍, ട്രസ്റ്റ് ഫണ്ടുകളില്‍ നിന്നോ പ്രോപ്പര്‍ട്ടിയില്‍ നിന്നോ ഉള്ള വരുമാനം തുടങ്ങിയവ തനിക്കില്ലെന്നും കോര്‍ബിന്‍ വെളിപ്പെടുത്തി. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലും റിട്ടേണ്‍സ് പുറത്തു വിട്ടിട്ടുണ്ട്. 92,036 പൗണ്ടാണ് മക്‌ഡോണലിന്റെ വരുമാനം. 25,533 പൗണ്ട് ഇദ്ദേഹം നികുതിയിനത്തില്‍ അടച്ചിട്ടുണ്ട്. 2017 പ്രകടനപത്രികയില്‍ നികുതി സുതാര്യതയും 10 ലക്ഷത്തിലേറെ പൗണ്ട് വരുമാനം നേടുന്ന കമ്പനികളും വ്യക്തികളും ടാക്‌സ് റിട്ടേണ്‍ പരസ്യപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന എന്‍ഫോഴ്‌സ്‌മെന്റ് പ്രോഗ്രാമും ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ വാഗ്ദാനം നല്‍കിയിരുന്നു.
നികുതി വ്യവസ്ഥ സുതാര്യമാക്കാനുള്ള ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ മാതൃകകളാകണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് കോര്‍ബിന്‍ വിശദീകരിക്കുന്നത്. ലേബര്‍ നേതൃത്വം ഏറ്റെടുത്തതു മുതല്‍ അതുകൊണ്ടാണ് താന്‍ നികുതി വിവരങ്ങള്‍ പുറത്തു വിടുന്നത്. പ്രധാനമന്ത്രിയും ചാന്‍സലറും തന്റെ പാത പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Reply