ലണ്ടന്‍: ബാങ്ക് ജീവനക്കാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനവുമായി ലേബര്‍ പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൂടുതല്‍ ബാങ്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചു. നാല് അവധി ദിനങ്ങളാണ് കൂടുതലായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 1. സെന്റ് ഡേവിഡ്‌സ് ഡേ, മാര്‍ച്ച് 17, സെന്റ് പാട്രിക്‌സ് ഡേ, ഏപ്രില്‍ 23 സെന്റ് ജോര്‍ജ് ഡേ, നവംബര്‍ 30 സെന്റ് ആന്ഡ്രൂസ് ഡേ എന്നീ ദിവസങ്ങള്‍ ബാങ്ക് അവധി ദിനങ്ങളാക്കാനാണ് ലേബര്‍ പദ്ധതിയിടുന്നത്. നിലവില്‍ എട്ട് പൊതു അവധഇ ദിവസങ്ങള്‍ മാത്രമാണ് യുകെയ്ക്ക് ഉള്ളത്. ജി20, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് അവധികള്‍ നല്‍കുന്നത് യുകെയാണ്.
സെന്റ് ജോര്‍ജ് ദിനമായ ഇന്ന് നടത്താനിരിക്കുന്ന പ്രഖ്യാപനത്തില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ അവധികളും വിശ്രമവും നല്‍കുന്നതിനേക്കുറിച്ച് കോര്‍ബിന്‍ സംസാരിക്കുമെന്നാണ് കരുതുന്നത്. കാലങ്ങളായി ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ ശമ്പള വര്‍ദ്ധന ഉണ്ടാകുന്നില്ല. 2007ലേതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ജീവനക്കാര്‍ ഇപ്പോളും ശമ്പളം വാങ്ങുന്നതെന്നും കോര്‍ബിന്‍ പറയും. വര്‍ഷത്തില്‍ നാല് അവധി ദിനങ്ങള്‍ക്ക് കൂടി അവര്‍ക്ക് അര്‍ഹതയുണ്ടെന്നാണ് കോര്‍ബിന്‍ അഭിപ്രായപ്പെടുന്നത്.
കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ വിഭാഗീയ നടപടികളിലൂടെ യുകെയിലെ നാല് രാജ്യങ്ങളും വിഘടനത്തിന്റെ പാതയിലാണെന്നും കോര്‍ബിന്‍ പറയുന്നു. സ്‌കോട്ടിഷ് ലേബര്‍ നേതാക്കളും അവധി ദിവസങ്ങളില്‍ കോര്‍ബിന്റെ നയത്തെ സ്വീകരിക്കുകയാണ്. സെന്റ് ആന്ഡ്രൂസ് ഡേ സ്‌കോട്ട്‌ലന്‍ഡിന്റെ ആഘോഷദിവസമാണ്. തൊഴിലാളികളില്‍ ചിലര്‍ക്ക് ഈ ദിവസം ഓഫ് ലഭിക്കാറുണ്ട്. പക്ഷേ ഇത് എല്ലാവര്‍ക്കുമായി ലഭിക്കുന്ന സംവിധാനത്തെ പിന്തുണയ്ക്കുന്നുവെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് കെസിയ ഡഗ്‌ഡെയ്ല്‍ പറഞ്ഞു.
Leave a Reply