യുകെയിലെ മുതിര്‍ന്ന പാരാമെഡിക്കുകള്‍ക്ക് മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം നല്‍കുന്നു. ഇതോടെ ഡോക്ടര്‍മാര്‍ക്ക് മാത്രം അധികാരമുണ്ടായിരുന്ന കാര്യങ്ങളില്‍ ചിലത് നിര്‍വ്വഹിക്കുവാന്‍ സിനീയര്‍ പാരമെഡിക്കുകള്‍ക്ക് കഴിയും. നൂറുകണക്കിന് എന്‍എച്ച്എസ് പാരമെഡിക്കുകള്‍ക്കാണ് പുതിയ ഭേദഗതി വരുന്നതോടെ രോഗികള്‍ക്ക് മരുന്ന് നല്‍കാനുള്ള അധികാരം ലഭിക്കുക. തിരക്കേറിയ ആശുപത്രികള്‍ക്ക് പുതിയ തീരുമാനം ഗുണകരമാവും. നിലവില്‍ 700 അഡ്വാന്‍സ്ഡ് പാരാമെഡിക്കുകളാണ് യുകെയിലുള്ളത്. 2012ല്‍ പാസാക്കിയ ഹ്യൂമണ്‍ മെഡിസിന്‍സ് റെഗുലേഷന്‍ ഭേദഗതി ഞായറാഴ്ചയോടെ നിലവില്‍ വരും. ആശുപത്രികളിലും വീടുകളിലും അതുപോലെ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സില്‍ വെച്ചും മരുന്നുകള്‍ നല്‍കാനുള്ള അധികാരം ഇതോടെ ഇവര്‍ക്ക് ലഭിക്കും.

ആസ്ത്മ രോഗം മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വീടുകളില്‍ വെച്ച് തന്നെ മരുന്നുകള്‍ നല്‍കാന്‍ പാരമെഡിക്കിന് ഇനി മുതല്‍ സാധിക്കും. സാധാരണഗതിയില്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമെ ഇത്തരം രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ കഴിയുകയുള്ളു. നടുവേദന മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അതുപോലെ വയോധികര്‍ക്കുണ്ടാകുന്ന യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷനുമെല്ലാം വീടുകളില്‍ വെച്ച് തന്നെ മരുന്നുകള്‍ നല്‍കാന്‍ പാരാമെഡിക്കിന് കഴിയും. ഇതോടെ എ ആന്റ് ഇ യില്‍ പ്രവേശിപ്പിക്കുന്നവരുടെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരുന്നുകള്‍ എങ്ങനെ പ്രിസ്‌ക്രൈബ് ചെയ്യാമെന്നതിനെക്കുറിച്ചുള്ള ട്രെയിനിംഗ് ലഭിച്ചു കഴിഞ്ഞാലുടന്‍ നിലവില്‍ ഡോക്ടര്‍മാര്‍ മാത്രം ചെയ്തു പോന്നിരുന്ന പല പ്രവര്‍ത്തനങ്ങളും പാരാമെഡിക്കുകള്‍ക്ക് ചെയ്യാന്‍ കഴിയും.

ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തികരിക്കുന്ന പാരാമെഡിക്കുകള്‍ക്ക് സ്വതന്ത്രമായി മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാന്‍ കഴിയും. ഇതോടെ ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ചില സീനിയര്‍ നഴ്‌സുമാര്‍ക്കും മാത്രമുള്ള മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം പാരാമെഡിക്കുകള്‍ക്ക് കൂടി ലഭിക്കും. പുതിയ ഭേദഗതി രോഗികളെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയാണ്. നിര്‍ബന്ധമായും ആശുപത്രികളിലെത്തി മരുന്നുകള്‍ വാങ്ങിക്കേണ്ട അവസ്ഥ ഇതോടു കൂടി മാറും. വീടുകളിലെത്തി പാരാമെഡിക്കുകള്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ കഴിയുന്നതോടെ ആശുപത്രികളിലെത്തി കാത്തിരിക്കേണ്ട ആവശ്യമില്ല. പാരാമെഡിക്കുകള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ മാത്രമെ രോഗികള്‍ക്ക് ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതുള്ളു.