ലണ്ടന്‍: എന്‍എച്ച്എസിനെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. ദോഷകരമായ വ്യാജപ്രചരണമാണ് ഹോക്കിംഗ് നടത്തുന്നതെന്നാണ് ഹണ്ട് ഉന്നയിക്കുന്ന ആരോപണം. അമേരിക്കന്‍ ശൈലിയിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംവിധാനം രാജ്യത്ത് നടപ്പിലാക്കാനുള്ള ശ്രമമാണ് ടോറികള്‍ നടത്തുന്നതെന്ന് ഇന്നലെ നടത്തിയ പ്രസംഗത്തില്‍ ഹോക്കിംഗ് ആരോപിച്ചിരുന്നു. എന്‍എച്ച്എസ് ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കണമെന്ന കണ്‍സര്‍വേറ്റീവ് നയമാണ് വിമര്‍ശിക്കപ്പെട്ടത്.
ഇതിന് മറുപടിയായി കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനു കീഴില്‍ ആരോഗ്യ മേഖലയില്‍ കാര്യമായ വളര്‍ച്ചയുണ്ടായെന്ന് അവകാശപ്പെട്ട് ഹണ്ട് രണ്ട് ട്വിറ്റര്‍ സന്ദേശങ്ങളും പോസ്റ്റ് ചെയ്തു. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ച് ഹോക്കിംഗ് രംഗത്തെത്തിയത്. അമേരിക്കന്‍ ആരോഗ്യമേഖലയില്‍ ലാഭക്കൊതിയോടെ എത്തിയ മള്‍ട്ടിനാഷണല്‍ കമ്പനികളാണ് അവിടുത്തെ ചികിത്സാരംഗത്ത് അസമത്വത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. യുകെയിലെ ആരോഗ്യമേഖലയിലും ഇത്തരം കമ്പനികള്‍ രംഗപ്രവേശം ചെയ്യുന്നത് കാണാന്‍ കഴിയുന്നുണ്ട്. ഇത് അമേരിക്കന്‍ ശൈലിയിലേക്കുള്ള പോക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനെ നേരിടാന്‍ ട്വീറ്റുകളുമായാണ് ഹണ്ട് രംഗത്തെത്തിയത്. ഹോക്കിംഗ് വളരെ മികച്ച ശാസ്ത്രജ്ഞനാണെങ്കിലും ഇത്തരം കാര്യങ്ങളില്‍ തെളിവുകളില്ലാതെയുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നായിരുന്നു ഒരു ട്വീറ്റ്. എന്നാല്‍ ടോറികള്‍ എന്‍എച്ച്എസിനെ തകര്‍ക്കുകയാണെന്ന കാര്യം മനസിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ലെന്ന പരിഹാസമായിരുന്നു ഷാഡോ ഹെല്‍ത്ത് മിനിസ്റ്റര്‍ ജസ്റ്റിന്‍ മാഡേഴ്‌സ് ഉന്നയിച്ചത്. പ്രപഞ്ചത്തിലെ വളരെ കഠിനമായ പല സമസ്യകള്‍ക്കും ഉത്തരം കണ്ടെത്തിയയാളാണ് പ്രൊഫ. ഹോക്കിംഗ്. പക്ഷേ ജെറമി ഹണ്ട് ഇപ്പോഴും മന്ത്രി സ്ഥാനത്ത് തുടരുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിനും സാധിക്കുന്നില്ലെന്നും മാഡേഴ്‌സ് പറഞ്ഞു.
Leave a Reply