ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് സര്‍ജന്‍മാര്‍ കുറയുന്നത് രോഗികളുടെ സുരക്ഷക്ക് ഭീഷണിയാകുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രസവത്തോട് അനുബന്ധിച്ച് ചില സ്ത്രീകളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമാകുന്ന അടിയന്തര ശസ്ത്രക്രിയകളും അപകടങ്ങളില്‍പ്പെട്ട് എത്തുന്നവര്‍ക്ക് നല്‍കേണ്ട അടിയന്തര ശസ്ത്രക്രിയകളും മറ്റും സ്‌പെഷ്യലിസ്റ്റുകളുടെ കുറവു മൂലം അപകടകരമായ സാഹചര്യങ്ങളിലാണ് നടക്കുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. റേഡിയോളജിസ്റ്റുകളുടെ കുറവ് മൂലം പല മേജര്‍ ശസ്ത്രക്രിയകള്‍ക്കും വിധേയരാകുന്നവര്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകുകയോ മറ്റ് അപകടകരമായ അവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുന്നതായി മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു.

സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റുകളുടെ എണ്ണം എന്‍എച്ച്എസ് ആശുപത്രികളില്‍ വളരെ കുറവാണ്. നാലിലൊന്ന് ആശുപത്രികളിലെ രോഗികള്‍ക്ക് ഇവരുടെ സേവനം വേണ്ട വിധത്തില്‍ ലഭ്യമാകുന്നില്ല. ഈ സ്‌പെഷ്യലിസ്റ്റ് കേഡറിലുള്ള ഡോക്ടര്‍മാരെ നിയമിക്കാന്‍ സാധിക്കുന്നില്ല എന്നാണ് എന്‍എച്ച്എസ് നേതൃത്വം സമ്മതിക്കുന്നത്. ഇമേജ് ഗൈഡഡ് സര്‍ജന്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ ശരീരത്തിലെ രോഗമുള്ള ഭാഗങ്ങള്‍ ഇമേജിംഗ് ഉപകരണങ്ങളിലൂടെ കണ്ടെത്തുന്നവരാണ്.

വലിയ തോതിലുള്ള ആന്തരിക രക്തസ്രാവവും രക്തം കട്ടപിടിക്കുന്നതിലൂടെയുണ്ടാകുന്ന തടസങ്ങളും മറ്റും കണ്ടെത്താനും ആവശ്യമായ ശസ്ത്രക്രിയകളും ചികിത്സകളും നല്‍കാനും ഇവരുടെ സേവനം അത്യാവശ്യമാണെന്നിരിക്കെയാണ് എന്‍എച്ച്എസില്‍ ഈ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.