ലണ്ടന്‍: എന്‍എച്ച്എസ് ശമ്പള നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞതായി സൂചന. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. ശമ്പളം കൂട്ടി നല്‍കുന്നതിനായി അധികഫണ്ട് സര്‍ക്കാര്‍ എന്‍എച്ച്എസിന് അനുവദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ഹണ്ട് പ്രതികരിച്ചത്. പക്ഷേ ശമ്പള നിയന്ത്രണം ഇല്ലാതാക്കിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ലേബര്‍ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഹണ്ട് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ ഈ വിവരം പുറത്തു വിടാത്തതാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനക്കാരെ മൊത്തം ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്നാണ് ആരോപണം. അടുത്ത വര്‍ഷം മുതല്‍ ശമ്പള വിഷയത്തില്‍ അയവുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് നേരത്തേ പ്രതികരിച്ചത്. എന്നാല്‍ നിയന്ത്രണം എടുത്തു കളഞ്ഞു എന്ന് ആദ്യമായി സ്ഥിരീകരിക്കുന്നത് ആരോഗ്യ സെക്രട്ടറിയാണ്. ശമ്പളനിരക്ക് നാണ്യപ്പെരുപ്പത്തിന് അനുസൃതമായിരിക്കുമോ അതോ അതിനു മുകളിലായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ഹണ്ട് തയ്യാറായില്ല.

ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനായി എന്‍എച്ച്എസിന് മുഴുവന്‍ ഫണ്ടും നല്‍കാന്‍ ട്രഷറി തയ്യാറാകുമോ എന്ന ചോദ്യത്തില്‍ നിന്നാണ് ഹണ്ട് ഒഴിഞ്ഞുമാറിയത്. ഉദ്പാദനഷമത വര്‍ദ്ധിപ്പിക്കണമെന്നാണ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ അത് സമ്മതിക്കാനേ തരമുള്ളുവെന്നും ഹണ്ട് പറഞ്ഞു. പോലീസിന്റെയും ജയില്‍ ജീവനക്കാരുടെയും ശമ്പള നിയന്ത്രണം കഴിഞ്ഞ മാസം നീക്കിയിരുന്നു. എന്നാല്‍ നാണ്യപ്പെരുപ്പത്തേക്കാള്‍ കുറഞ്ഞ നിരക്കിലേ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതോടെ അധികം വരുന്ന പണം സ്വയം കണ്ടെത്തണമെന്ന നിര്‍ദേശം ഈ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുകയാണ്.