ലണ്ടന്‍: രാജ്യത്തെ എക്കാലത്തെയും ഏറ്റവും വെറുക്കപ്പെട്ട മുന്‍ നിര രാഷ്ട്രീയ നേതാവ് ജെറെമി ഹണ്ടെന്ന് വെളിപ്പെടുത്തല്‍. ജോര്‍ജ് ഓസ്‌ബോണിനെയും ജെറമി കോര്‍ബിനെയും ഡേവിഡ് കാമറൂണിനെയും അപേക്ഷിച്ച് ജനപ്രീതി ഏറെ കുറഞ്ഞ നേതാവാണ് ഹണ്ടെന്നും യുഗോവ് സര്‍വേ കണ്ടെത്തി. സര്‍വേയില്‍ 48 പോയിന്റാണ് ഹണ്ട് നേടിയിട്ടുളളത്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനെക്കാള്‍ ആറ് പോയിന്റെ താഴെയാണ് ഹണ്ടിന്റെ സ്ഥാനം.
പതിനേഴ് ശതമാനം പേര്‍ക്ക് ഹണ്ടിനെക്കുറിച്ച് നല്ല അഭിപ്രായമാണ്. എന്നാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി എന്ന നിലയില്‍ മോശം പ്രകടനമാണ് ഹണ്ടിന്റേതെന്ന് 65 ശതമാനവും അഭിപ്രായപ്പെടുന്നു. ജൂനിയര്‍ ഡോക്ടര്‍മാരും ഹണ്ടും തമ്മിലുളള തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹണ്ട് കൊണ്ടുവന്ന പുതിയ കരാര്‍വ്യവസ്ഥകളാണ് ഇരുപക്ഷവും തമ്മിലുളള തര്‍ക്കം മൂര്‍ച്ഛിപ്പിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാരെ ഒഴിവാക്കാന്‍ അവര്‍ ടിക്കറ്റെടുത്ത ഫണ്ട് റെയ്‌സിംഗ് പരിപാടി കഴിഞ്ഞ ദിവസം ഹണ്ടിന്റെ ആവശ്യത്തേത്തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു.
ജൂനിയര്‍ ഡോക്ടര്‍മാരുടെ അംഗീകാരം ഇല്ലെങ്കിലും കരാര്‍ നടപ്പാക്കുമെന്ന് കഴിഞ്ഞാഴ്ച ഹണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ കരാര്‍ പ്രകാരം വാരാന്ത്യങ്ങളില്‍ രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് രോഗികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.