മൂന്നു വർഷങ്ങൾക്കിപ്പുറവും കാണാമറയത്ത് തുടരുകയാണ് എരുമേലി മുക്കൂട്ടുത്തറ കുന്നത്തു വീട്ടിൽ ജെസ്‌ന മരിയ ജെയിംസ്. ഈ പെൺകുട്ടിക്ക് എന്ത് സംഭവിച്ചെന്ന് ഇത്രനാളുകൾ കഴിഞ്ഞിട്ടും പോലീസിനും സിബിഐ ഉൾപ്പടെയുള്ള അന്വേഷണസംഘത്തിനും കണ്ടെത്താനായിട്ടില്ല.ഈ മാർച്ച് 22നു ജസ്‌നയെ കാണാതായിട്ട് മൂന്നു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മുണ്ടക്കയത്തുള്ള ആന്റിയുടെ വീട്ടിലേക്കായി തിരിച്ച ജെസ്‌നയെ കാണാതാവുകയായിരുന്നു. ഓട്ടോയിൽ ബസ് സ്റ്റാൻഡ് വരെ കൊണ്ടുവിട്ടതു വരെയുള്ള വിവരങ്ങളാണ് പോലീസിന്റെ കൈയ്യിലുമുള്ളത്. പിന്നീട് ഈ പെൺകുട്ടി എങ്ങോട്ട് പോയെന്നോ എന്താണ് സംഭവിച്ചതെന്നോ ആർക്കും അറിയില്ല. ജെസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയിരിക്കാമെന്നും അവൾ തിരിച്ചുവരുമെന്നുമാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് ഉറപ്പിച്ചുപറയുന്നത്.
ലോക്കൽ പോലീസിൽ നിന്നു ക്രൈം ബ്രാഞ്ചും ഇപ്പോൾ സിബിഐയും കേസ് അന്വേഷണം ഏറ്റെടുത്തിട്ടും ഒരുതുമ്പും ലഭിച്ചില്ല. ബംഗളൂരു, മംഗലാപുരം, മൈസൂർ എന്നിവിടങ്ങളിലൊക്കെ ജെസ്‌നയെ തേടിയെങ്കിലും നിരാശയായിരുന്നു പോലീസിന് ഫലം. ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം അനുഭവിക്കുന്ന വേദന പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്.
മകളെ കാണാതായ ദിവസം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വിളിച്ചപ്പോൾ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയതാകും. രണ്ടു ദിവസം കഴിയുമ്പോൾ ഇങ്ങു വന്നോളും. അല്ലെങ്കിൽ ഏതെങ്കിലും ധ്യാന കേന്ദ്രത്തിൽ പോയതാകും-എന്നൊക്കെയായിരുന്നു മറുപടിയെന്ന് ജെയിംസ് പറയുന്നു.
അപ്പോൾ തന്നെ ഊർജ്ജിതമായി പോലീസ് അന്വേഷിച്ചിരുന്നുവെങ്കിൽ ജെസ്‌നയെ കണ്ടെത്താമായിരുന്നുവെന്ന് ജെയിംസ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പോലീസ് കരുതുന്ന തരത്തിലുള്ള ബന്ധം ജെസ്‌നയ്ക്കു ആരുമായും ഇല്ലെന്നു താനും അവളുടെ സഹോദരങ്ങളും ആവർത്തിച്ചു പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല. മോളെ കാണാതായതിന് ശേഷം സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് ഞങ്ങൾക്കെതിരെ ഇല്ലാക്കഥകൾ പറയാൻ തുടങ്ങിയെന്നും ജെയിംസ് പറയുന്നു. ‘ഞങ്ങൾ അവളെ നശിപ്പിച്ചു, കൊന്നു കുഴിച്ചു മൂടി, ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നിങ്ങനെയായിരുന്നു അത്’. പൊലീസ് ആ ഊഹാപോഹങ്ങൾക്കു പിന്നാലെ പോയി. മകളെ കാണാതായതിനൊപ്പം ഇരട്ടി വേദന പോലെയാണ് ഈ ആരോപണങ്ങൾ. ജെസ്‌നയെ തീവ്രവാദ സംഘം കടത്തിക്കൊണ്ടു പോയിരിക്കുകയാണെന്നൊക്കെ മാധ്യമങ്ങളിൽ വാർത്തകൾ കണ്ടിരുന്നു. പിന്നീട് അതും മാഞ്ഞുപോയി.
ജെസ്‌നയെ കണ്ടു, ബോഡി കിട്ടി എന്നിങ്ങനെ ഓരോ ആളുകൾ വിളിച്ചു പറയുമ്പോൾ കേരളത്തിനകത്തും പുറത്തും ഞങ്ങളോടി നടക്കുകയായിരുന്നു. ആരോ കൊച്ചിനെ തട്ടിക്കൊണ്ടു പോയതായിരിക്കും. വിളിക്കാനോ വരാനോ കഴിയാത്ത ഒരിടത്തു കുടുങ്ങി കിടക്കുകയാണ്. അവസരം കിട്ടിയാൽ എന്റെ കൊച്ച് ഓടി വരും. എനിക്കുറപ്പുണ്ട്-ജെയിംസ് പ്രത്യാശയോടെ പറയുന്നു.
Leave a Reply