രണ്ടു വര്ഷം മുൻപ് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയെ(20) കണ്ടെത്തിയതായി സൂചന. ജസ്നയെ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയല്‍ സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

2018 മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകൾ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി. ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.

സംഭവദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ല. മുണ്ടക്കയത്തെ നിരീക്ഷണ ക്യാമറയില്‍ ജെസ്നയോടു സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീടു വ്യക്തമായി. 2018 മേയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി. പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫിസറുമായാണ് സംഘം രൂപീകരിച്ചത്. ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷംരൂപ അഞ്ചു ലക്ഷമായും ഉയര്‍ത്തി. മലപ്പുറത്തെ കോട്ടക്കുന്നില്‍ ജെസ്നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്.