നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുഖ്യ പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഉപയോഗിച്ച മൊബൈല്‍ ഫോണിനെ സംബന്ധിച്ചു പൊലീസിനു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം.

ഈ ഫോണ്‍ നടന്‍ ദിലീപിനു കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചതായി സുനില്‍ മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോയും സഹ അഭിഭാഷകന്‍ രാജു ജോസഫും കേസില്‍ അറസ്റ്റിനു വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാത്ത നീക്കം ഇവര്‍ നടത്തിയതു സംശയത്തോടെയാണു പൊലീസ് വീക്ഷിക്കുന്നത്. തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചു പിടിക്കാനുള്ള നീക്കമാണിതെന്നാണ് അവരുടെ വിലയിരുത്തല്‍.

മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായുള്ള മൊഴികള്‍ വ്യാജമാണെന്നാണു പൊലീസിന്റെ നിഗമനം. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയെന്നു പൊലീസ് ആരോപിക്കുന്ന നടന്‍ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത സുഹൃത്തായ നാദിര്‍ഷായും മറ്റു ബന്ധുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പങ്കാളിത്തമുള്ള പ്രതികളെ വിട്ടയയ്ക്കുമ്പോള്‍ കേസില്‍ അവശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. ഇതു നീരീക്ഷിക്കാന്‍ പൊലീസ് നടത്തിയ നീക്കം വിജയിച്ചതിന്റെ സൂചനയാണു നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനമെന്നാണു പൊലീസ് നിലപാട്.

അതിലും കഷ്ടമാണ് കാവ്യയുടെ സ്ഥിതി ഭർത്താവിനെതിരേ മൊഴിനല്കുമോ? അറസ്റ്റ് വരിക്കുമോ? ഇതാണ്‌ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. സത്യം പറഞ്ഞ് കീഴടങ്ങിയാൽ ഭർത്താവ്‌ ദിലീപിനു 10 കൊല്ലം വരെ തടവ്‌ ഉറപ്പാകും. തെളിവുകൾക്കെതിരായി മൊഴി നല്കിയാൽ നിലവിലുള്ള തെളിവു വയ്ച്ച് കാവ്യയേ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റകൃത്യം നടത്തിയവരെ സഹായിച്ചതായുള്ള സംശയത്തിന്‍റെ പേരിലാണ് കാവ്യയ്ക്കെതിരായ നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്. തന്‍റെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ തുറന്നുപറച്ചിലും കാവ്യയ്ക്കെതിരായ നീക്കത്തിന് ആക്കം കൂട്ടും. കാവ്യക്കെതിരായ മൊഴി ഇനിയും പൾസർ മാറ്റി പറഞ്ഞിട്ടില്ല. നാദിര്‍ഷ, കാവ്യ, അപ്പുണ്ണി എന്നിവരുടെ കാര്യത്തില്‍ നടപടിയെടുത്ത ശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് നടക്കുന്നത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഡി ജി പി പൊലീസ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചികില്‍സ തേടി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. മകനെ കളളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് ആരോപിച്ച് ദിലീപിന്റെ അമ്മ നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.