മാസങ്ങളോളം നീണ്ട അന്വേഷണത്തില്‍ പല തെളിവുകള്‍ കണ്ടെത്തിയിട്ടും ജെസ്‌ന മരിയ ജെയിംസ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ലായിരുന്നു. ഇപ്പോഴിതാ ജെസ്‌ന ജീവനോടെയുണ്ടെന്നുള്ള തെളിവ് ലഭിച്ചിരിക്കുകയാണ്.കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് കര്‍ണാടക പോലീസാണ്. ജെസ്‌ന വൈകാതെ തിരിച്ചെത്തുമെന്നാണ് പറയുന്നത്. ജെസ്‌നയെ ഇനി പിന്തുടരാന്‍ ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തിരോധാനത്തിന് ഒരാണ്ടു പൂര്‍ത്തിയാകാന്‍ രണ്ടുമാസം ശേഷിക്കേയാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണസംഘത്തിനു ലഭിച്ചത്. എന്നാല്‍, ജെസ്‌ന എവിടെയാണെന്ന സൂചനയ്ക്കു പിന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം.സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് എസ്.പി: എ. റഷീദിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരെയും ദൗത്യസേനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സംഘത്തിനാണു നിര്‍ണായകസൂചന ലഭിച്ചത്.

സുകുമാരക്കുറുപ്പ് കേസിനുശേഷം അഭ്യൂഹങ്ങളുടെയും വ്യാജസന്ദേശങ്ങളുടെയും കുത്തൊഴുക്ക് കേരളാ പോലീസിനെ ഏറെ വലച്ചതു ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചാണ്.കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്. അയാം ഗോയിങ് ടു ഡൈ എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി.