കവന്‍ട്രിയില്‍ മരണമടഞ്ഞ ജെറ്റ്സി ആന്റണിക്ക് യുകെ മലയാളി സമൂഹം നിറഞ്ഞ കണ്ണുകളോടെ വിട നല്‍കി. ഏറെ നാളുകളായി ക്യാന്‍സറിന്റെ കാഠിന്യത്തില്‍ വലഞ്ഞിരുന്ന ജെറ്റ്‌സിയുടെ മരണം തീരെ അപ്രതീക്ഷിതം ആയിരുന്നില്ലെങ്കിലും രണ്ടു പതിറ്റാണ്ടായി തങ്ങളില്‍ ഒരാളെ പോലും നഷ്ടപ്പെടുന്നത് നേരില്‍ കാണേണ്ടി വരുന്ന നിര്‍ഭാഗ്യം കവന്‍ട്രി മലയാളികളെ ഇതുവരെ തേടി എത്തിയിരുന്നില്ല. അതിനാല്‍ തന്നെ, ഒടുവില്‍, വിധിയുടെ നിയോഗം എന്ന മട്ടില്‍ എത്തിയ മരണത്തെ നിസ്സംഗതയോടെ സ്വീകരിക്കാനും കവന്‍ട്രി മലയാളി സമൂഹത്തിനു കഴിയുമായിരുന്നില്ല.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ജെറ്റ്‌സി മരിച്ച നിമിഷം മുതല്‍ ‘അമ്മ നഷ്ടമായ മൂന്നു കുഞ്ഞുങ്ങള്‍ക്കും തുണയറ്റ കുടുംബനാഥനും ആശ്വാസമായി മലയാളി സമൂഹത്തിന്റെ കരങ്ങളാണ് കൂടെയുണ്ടായിരുന്നത്. ജെറ്റ്‌സി രോഗത്തോട് പോരാടുമ്പോള്‍ താങ്ങായി എത്തിയിരുന്നതും കവന്‍ട്രിയില്‍ പ്രിയ കൂട്ടുകാരികള്‍ തന്നെയായിരുന്നതിനാല്‍ ഇന്നലെ ജെറ്റ്‌സിയുടെ വീട്ടിലും പിന്നീട് സേക്രഡ് ഹാര്‍ട്ട് പള്ളിയിലും മനമിടറാതെ, മിഴി നനയാതെ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ജെറ്റ്‌സിക്കൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ പോലും വിങ്ങിപ്പൊട്ടി മലയാളികളായ സ്ത്രീ സുഹൃത്തുക്കളുടെ ചുമലില്‍ തല ചായ്ക്കുന്ന അസാധാരണ കാഴ്ച മാത്രം മതിയായിരുന്നു ജെറ്റ്‌സിയുടെ വ്യക്തിത്വത്തെ അടുത്തറിയാന്‍. കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ജെറ്റ്‌സി സ്‌നേഹം കൊണ്ടും ജോലിയോടുള്ള മമത കൊണ്ടും തങ്ങളെ കീഴ്‌പ്പെടുത്തുക ആയിരുന്നു എന്നാണ് ദുഃഖം പങ്കിട്ടു എത്തിയവരില്‍ ഒരാളായ ഡെബി വ്യക്തമാക്കിയത്.

രോഗം തളര്‍ത്തിക്കൊണ്ടിരുന്നപ്പോഴും, അക്കാര്യം മറ്റുള്ളവരെ അറിയിക്കാതെ, സ്വയം വേദനക്ക് കീഴപ്പെട്ടുകൊണ്ടിരുന്ന ധീരയായിരുന്നു തങ്ങള്‍ അറിയുന്ന ജെറ്റ്‌സിയെന്നാണ് വീട്ടില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയ സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്. അതുകൊണ്ടു തന്നെ ജെറ്റ്‌സിയുടെ വിയോഗം സാധാരണ നിലയില്‍ ഇത്തരം അവസരങ്ങളില്‍ വികാര വിക്ഷോഭങ്ങള്‍ക്കു വഴിപ്പെടാതിരിക്കുന്ന ബ്രിട്ടീഷ് വംശജരെ പോലും പൊട്ടിക്കരച്ചിലിന്റെ വക്കോളം എത്തിക്കുക ആയിരുന്നു.

ഇന്നലെ രാവിലെ മുതല്‍ ചന്നംപിന്നം പെയ്തു കൊണ്ടിരുന്ന മഴയയെയും കൈകാലുകള്‍ കോച്ചിവലിക്കും വിധം ശക്തമായ തണുപ്പിനെയും അവഗണിച്ചു, എന്തിനേക്കാളും പ്രധാനമാണ് തങ്ങള്‍ക്കു കൂടെപ്പിറപ്പിനെ പോലെ കൂടെയുണ്ടായിരുന്ന ജെറ്റ്സ്സി എന്ന് തെളിയിച്ചാണ് കവന്‍ട്രി ജനസമൂഹം നിരയായി അന്ത്യോപചാരം അര്‍പ്പിക്കാന്‍ വീട്ടിലേക്കു എത്തിക്കൊണ്ടിരുന്നത്. വീടുകളില്‍ പൊതുദര്‍ശനം സാധാരണ പതിവില്ലെങ്കിലും അയല്‍വാസികള്‍ക്കോ മറ്റോ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ ഒറ്റയ്ക്കും തെറ്റയ്ക്കും എത്തിക്കൊണ്ടിരുന്ന നൂറുകണക്കിനാളുകള്‍ അവസാന യാത്രാ മൊഴി നല്‍കി തുടങ്ങിയായതോടെ മിന്റണ്‍ റോഡ് പരിസരം നിമിഷ നേരം കൊണ്ട് ജനനിബിഢമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൃതദേഹം വഹിച്ച പേടകം പിന്നീട് തുറന്നു പൊതുദര്‍ശനം ഉണ്ടാകില്ല എന്നതിനാല്‍ മക്കളുടെയും സകല നിയന്ത്രണവും വിട്ടു വിങ്ങി കരഞ്ഞു കൊണ്ടിരുന്ന പ്രിയതമന്‍ തോമസിന്റെയും അന്ത്യ ചുംബന രംഗങ്ങള്‍ ഹൃദയം നുറുക്കുന്ന കാഴ്ചയായി. നാട്ടില്‍ നിന്നെത്തിയ അമ്മയും സഹോദരങ്ങളും മാത്രം അടങ്ങുന്ന കുടുംബ അംഗങ്ങള്‍ മാത്രം അന്ത്യ ചുംബനം നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശം ഉണ്ടായെങ്കിലും ഏറെ അടുപ്പമുള്ള പലരും ജെറ്റ്‌സിക്കു മൂര്‍ദ്ധാവില്‍ നറുചുംബനം നല്‍കിയാണ് യാത്രയാക്കിയത്.

മിഴികളില്‍ നിറഞ്ഞ കണ്ണീര്‍ തുള്ളികള്‍ കാഴ്ചകള്‍ മറച്ചു കൊണ്ടിരിക്കെ അന്ത്യ യാത്രക്കുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയിലായി. വെളുത്ത ഗൗണ്‍ അണിഞ്ഞ് ലളിതമായ നിലയില്‍ അലങ്കരിക്കപ്പെട്ട ശവമഞ്ചത്തില്‍ ശാന്ത നിദ്ര പോലെയുള്ള ജെറ്റ്‌സിയുടെ മുഖം പരിചയക്കാരുടെ മുഖങ്ങളില്‍ സങ്കടത്തിന്റെ അലകടലുകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. രോഗിയായിരുന്നപ്പോള്‍ പലവട്ടം സന്ദര്‍ശനം നടത്തി ആശ്വാസം പകരാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം നിറഞ്ഞ വാക്കുകളിലാണ് വീട്ടിലെ അന്ത്യോപചാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ഫാ സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സംസാരിച്ചത്. ഫാ. ജേക്കബ് മാത്യു സഹകാര്‍മ്മികനായ ചടങ്ങുകള്‍ അരമണിക്കൂറിനകം അവസാനിക്കുക ആയിരുന്നു.

തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം ജെറ്റ്‌സിക്ക് ഏറെ പ്രിയപ്പെട്ട ദേവാലയമായ സേക്രഡ് ഹേര്‍ട്ടില്‍ എത്തിച്ച ശേഷം രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അന്ത്യോപചാര ചടങ്ങുകള്‍ ആരംഭിച്ചു. സീറോ മലബാര്‍ യുകെ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച ചടങ്ങുകളില്‍ രൂപത സെക്രട്ടറി ഫാ ഫാന്‍സുവ പത്തില്‍, ഇടവക വികാരി സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയി. ചടങ്ങുകള്‍ക്കൊടുവില്‍ പാരിഷ് വികാരി ഫാ. ടോണി നോര്‍ട്ടന്‍ ജെറ്റ്‌സിക്ക് ദേവാലയവുമായി ഉണ്ടായിരുന്ന അടുപ്പം വ്യക്തമാക്കിയാണ് സംസാരിച്ചത്. ജെറ്റ്‌സി പതിവായി ദേവാലയത്തില്‍ എത്തിയിരുന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. രോഗനില വഷളായ ദിവസങ്ങളില്‍ പലപ്പോഴും ആശ്വാസമായി ഫാ. ടോണി നോര്‍ട്ടന്‍ ജെസ്റ്റിയെ വീട്ടിലെത്തി ധൈര്യം നല്കാറുണ്ടായിരുന്നു.

ജെറ്റ്‌സിയെ മരണത്തിനു മുന്‍പ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യ നിമിഷങ്ങളില്‍ ഒന്നായി കരുതുന്നുവെന്നും ബിഷപ്പ് ചരമ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ദൈവത്തിനു ഏറെ ഹിതമായവര്‍ നേരത്തെ ജീവിതം അവസാനിപ്പിക്കുമെന്നും ആശ്വാസ വചനമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌നാപക യുഹന്നാന്റെയും യേശുവിന്റെയും അല്‍ഫോന്‍സാമ്മയുടെയും ഒക്കെ ചുരുങ്ങിയ ജീവിത കാലയളവുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യത്തിന് സാധൂകരണം നല്‍കിയത്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ജെറ്റ്‌സിയും 46 വയസ്സിനുളില്‍ സഹനത്തിന്റെ പടവുകള്‍ ഏറെക്കുറെ പൂര്‍ണമായും പൂര്‍ത്തീകരിച്ചതിനാല്‍ ദൈവഹിതം നിറവേറ്റപ്പെട്ടു എന്ന് കരുതുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ വിയോഗത്തില്‍ ഒറ്റപ്പെട്ടു പോയ ജസ്റ്റിന്‍, ടോണി, അനീറ്റ എന്നിവര്‍ പിതാവ് തോമസുകുട്ടിക്കു ഇരുവശവും ധൈര്യം ഏകാന്‍ എന്ന വിധം പ്രാര്‍ത്ഥന ചടങ്ങുകളില്‍ കൂടെയുണ്ടായിരുന്നു. ചരമോപചാര പ്രസംഗത്തിന് ഒടുവിലായി ജെറ്റ്‌സിയുടെ പ്രിയമകള്‍ അനീറ്റയെ ക്ഷണിക്കപ്പെട്ടപ്പോള്‍ ഏവരുടെയും ഇടനെഞ്ചില്‍ കനംതൂങ്ങിയിരുന്നു. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന മകളെ കുറിച്ചുള്ള വേവലാതികള്‍ ആയിരുന്നു ജെറ്റ്‌സി അവസാന നാളുകളില്‍ പ്രിയപ്പെട്ടവരോട് പങ്കു വച്ചിരുന്നത്.

അമ്മയെ കുറിച്ചുള്ള നിറമുള്ള ഓര്‍മ്മകള്‍ പങ്കു വച്ച അനീറ്റ വാക്കുകളുടെ മുഴുവന്‍ അര്‍ത്ഥവും ശരിയായ രീതിയില്‍ മനസിലാക്കാന്‍ പ്രായം ആയിട്ടില്ലെങ്കിലും അമ്മയായിരിക്കും തന്റെ ശേഷ ജീവിതത്തിലെ വെളിച്ചം എന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. തങ്ങളുടെ വീട്ടിലെ എല്ലാമെല്ലാം അമ്മയായിരുന്നു എന്നതും അനീറ്റയുടെ വാക്കുകളില്‍ നിറഞ്ഞിരുന്നു. ജെറ്റ്‌സിയുടെ വക്തിതം പ്രകടമാക്കി തുടര്‍ന്ന് ബന്ധു കൂടിയായ എത്സമ്മയും സംസാരിച്ചു. ഒരു പോരാളിയുടെ ഭാവമായിരുന്നു ജെറ്റ്‌സിക്ക് എന്നാണ് എല്‍സമ്മ വാക്കുകളില്‍ വരച്ചിട്ടത്. രണ്ടു വര്‍ഷത്തിലേറെയായി ക്യാന്‌സറിനോട് നടത്തിയ പോരാട്ടമാണ് എല്‍സമ്മ സൂചിപ്പിച്ചതു.

തുടര്‍ന്ന് കണ്‍ലിയില്‍ ഉള്ള കൗണ്‍സില്‍ സെമിത്തേരിയില്‍ ആറടി മണ്ണിന്റെ അവകാശം തേടിയുള്ള യാത്ര. ഒപ്പം അകമ്പടിയായി കനത്ത മഴയും. ദുഃഖം കനം വയ്ക്കുന്നതിന്റെ സകല ദൃശ്യങ്ങളും ചേര്‍ന്നൊരു അന്ത്യ യാത്ര. പക്ഷെ നൈര്‍മല്യം നിറഞ്ഞ ജീവിതത്തിന്റെ നേര്‍ രൂപം പോലെ ശവപേടകം അടക്കം ചെയ്യാനുള്ള സമയം മുഴുവന്‍ മഴ മാറി നില്‍ക്കുകയും ചെയ്തത് പ്രകൃതി പോലും ജെറ്റ്‌സിക്ക് വേണ്ടി ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരുക്കമായിരുന്നു എന്നതിന്റെ സൂചന കൂടിയാകാം. ചെറു പ്രാര്‍ത്ഥനക്കു ശേഷം കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും അടക്കമുള്ളവര്‍ പൂക്കളും കുന്തിരിക്കവും ശവപേടകത്തില്‍ അര്‍പ്പിച്ചതോടെ ജെറ്റ്‌സി മരണമില്ലാത്ത ഓര്‍മ്മയിലേക്ക് യാത്രയായി.
കവന്‍ട്രി കേരള കമ്യുണിറ്റിക് വേണ്ടി ഭാരവാഹികള്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പിന്നീട്ട് പ്രാര്‍ത്ഥന കൂട്ടായ്മകളും വക്തികളും പുഷ്പചക്രം സമര്‍പ്പിച്ചു ജെറ്റ്‌സിയോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നു. ജെറ്റ്സ്സിയെ നേരിട്ടറിയുന്ന ഒട്ടേറെ പേര്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്ത്യ യാത്ര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.