കവർച്ചസംഘത്തിന്റെ കുത്തേറ്റ് റിയാദിൽ മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരുവൻപൊയിൽ സ്വദേശി കെ.കെ. അബ്ദുൽ ഗഫൂർ (50) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30ഒാടെ തെക്കുപടിഞ്ഞാറൻ റിയാദിലെ ശിഫ സനാഇയയിൽ ഒരു കടയുടെ മുന്നിലാണ് സംഭവം. ശിഫയിൽ പ്ലാസ്റ്റിക് കമ്പനി നടത്തുന്ന അബ്ദുൽ ഗഫൂർ രാവിലെ ഫാക്ടറിയിലേക്ക് കെമിക്കൽ വാങ്ങാൻ സമീപത്തെ കടയിൽ എത്തിയപ്പോൾ കാറിലെത്തിയ മൂന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നു.
ആയുധങ്ങളുമായി കാറിൽനിന്ന് ഇറങ്ങിയ കറുത്ത വംശജരായ സംഘം പണം ചോ ദിച്ച് ഗഫൂറിനെ വളഞ്ഞുപിടിച്ചു. ചുറ്റികകൊണ്ട് തലയിലടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നെന്ന് പറയപ്പെടുന്നു. ആക്രമികളുടെ കൈയിൽ ആയുധം കണ്ട് ആരും അടുത്തില്ല. പരിക്കേറ്റ് നിലത്തുവീണ ഗഫൂർ രക്തംവാർന്ന് കുറച്ചുനേരം കിടന്നു. പൊ ലീസ് എത്തിയാണ് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് മൃതദേഹം ശുമൈസി ആശുപത്രി മോ ർച്ചറിയിലേക്ക് മാറ്റി. 25 വർഷമായി റിയാദിലുള്ള ഗഫൂറിന്റെ കുടുംബവും നേരത്തേ ഇവിടെ ഉണ്ടായിരുന്നു. ഭാര്യ സുഹറ ബീവിയും മൂന്നു മക്കളും ഇപ്പോൾ നാട്ടിലാണ്.
ആറുമാസം മുമ്പാണ് ഗഫൂർ നാട്ടിൽ പോയി മടങ്ങിയത്. കരുവൻപൊയിൽ അർക്കോട്ട് പി.ടി. ഹസനാണ് പിതാവ്. പരേതയായ ഫാത്തിമ മാതാവും. നാലു സഹോദരന്മാരും 11 സഹോദരിമാരുമുണ്ട്. ഇവരിൽ അബ്ദുൽ ഫത്താഹ് (റിയാദ്), അബ്ദുസ്സലാം (ജിസാൻ) എന്നിവർ സൗദിയിൽ ജോലി ചെയ്യുന്നു. സംഭവത്തിൽ ശിഫ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave a Reply